തണുപ്പിലേക്ക് ഉണർന്ന് കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രം

Share to

Perinthalmanna Radio
Date: 14-11-2024

പെരിന്തൽമണ്ണ : മൺസൂൺ കഴിഞ്ഞാൽ കൊടികുത്തി മലയിലെ പ്രധാന ടൂറിസ്റ്റ് സീസൺ കോടപുതഞ്ഞ് കിടക്കുന്ന ഈ നവംബർ – ഡിസംബർ കാലമാണ്. ഋതുക്കൾക്കൊപ്പം കൊടികുത്തി മലയും തണുപ്പിനെ പുണർന്നു തുടങ്ങുമ്പോൾ സഞ്ചാരികളും ഇവിടേക്ക് ഒഴുകിയെത്തും. രാവിലെ എട്ടിന് സന്ദർശന സമയം തുടങ്ങുമ്പോൾത്തന്നെ എത്തുന്നവരെ കാത്ത് തണുപ്പും കോടയും കാത്തിരിപ്പുണ്ട് ഈ പുൽമേട്ടിൽ. വൈകീട്ടാണെങ്കിൽ അസ്തമയ സൂര്യനും അനന്തമായ ദൂരക്കാഴ്ചകളും.

പെരിന്തൽമണ്ണയിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള കൊടികുത്തിമല നഗര പരിധിയിൽ വരുന്ന അപൂർവം ഹിൽസ്റ്റേഷനുകളിലൊന്നാണ്. രണ്ടു വർഷം കൊണ്ട് രണ്ടര ലക്ഷത്തിലേറെ സഞ്ചാരികളെത്തുകയും മൂന്നു വർഷം കൊണ്ട് ടിക്കറ്റ് വിൽപ്പനയിലൂടെ ഒരു കോടിയിലേറെ വരുമാനം കണ്ടെത്തുകയും ചെയ്തു എന്നത് കൊടികുത്തി മലയുടെ ജനപ്രീതി വ്യക്തമാക്കുന്നു.

പെരിന്തൽമണ്ണയിൽ നിന്ന് പാലക്കാട് റോഡിൽ അഞ്ച് കിലോമീറ്റർ സഞ്ചരിച്ചാൽ അമ്മിനിക്കാട് ടൗണിൽ എത്താം. അമ്മിനിക്കാടു നിന്ന് ഇടത്തോട്ട് വീണ്ടും അഞ്ചു കിലോമീറ്റർ യാത്രചെയ്താൽ താഴേക്കോട് പഞ്ചായത്തിലെ കൊടികുത്തിമല ഇക്കോ ടൂറിസം കേന്ദ്രത്തിലെത്താം. പ്രവേശന കവാടത്തിനോടു ചേർന്നുള്ള ടിക്കറ്റ് കൗണ്ടറിൽനിന്ന് ഒന്നരക്കിലോമീറ്റർ കാൽനടയായ് വേണം മുകളിലെത്താൻ. ശുദ്ധവായു ശ്വസിച്ച് പ്രകൃതിഭംഗി ആസ്വദിച്ചുള്ള ഈ നടത്തം നല്ലൊരു വ്യായാമം കൂടിയാണ്. ഓരോ ചുവടിലും എത്ര കലോറി ഉപയോഗിക്കപ്പെട്ടു എന്ന് കാണിക്കുന്ന ബോർഡും വഴി നീളെ കാണാം എന്നത് കൊടികുത്തിമല യാത്രയിലെ കൗതുകങ്ങളിലൊന്നാണ്. വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും മരത്തണലും ആവോളം ഉള്ളതിനാൽ സമയമെടുത്ത് പതുക്കെ മല കയറിയാൽ മതിയാവും.

മുകളിലെത്തിയാൽ മലനിരകളും പുഴയും ജനവാസ കേന്ദ്രങ്ങളും കടലുമെല്ലാം കാഴ്ചയിൽ തെളിയുന്ന സുന്ദര നിമിഷമാണ്. 360 ഡിഗ്രി കാഴ്ച പ്രദാനം ചെയ്യുന്ന വാച്ച് ടവർ തന്നെയാണ് മലമുകളിലെ പ്രധാന ആകർഷണം. വനം വകുപ്പും നാട്ടുകാരും ചേർന്നുള്ള വന സംരക്ഷണസമിതിയാണ് ഇക്കോ ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പും പരിപാലനവും. തിങ്കളാഴ്ച ഒഴികെ മറ്റെല്ലാ ദിവസവും പ്രവർത്തിക്കുന്ന ഇവിടെ അവധി ദിവസങ്ങളിൽ 500-700 വരെ സഞ്ചാരികളെത്തുന്നുണ്ട്. പ്ലാസ്റ്റിക് നിരോധനം മികച്ച രീതിയിൽ നടപ്പാക്കപ്പെടുന്ന ഒരു കേന്ദ്രം കൂടിയാണിത്. കോടമഞ്ഞ് വെഞ്ചാമര വർണം വിതറുന്ന ഈ തണുപ്പുകാല സീസണിൽ മല കയറി വരാൻ പോവുന്ന സഞ്ചാരികൾക്കുള്ള കാത്തിരിപ്പിലാണ് കൊടികുത്തി മല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *