
Perinthalmanna Radio
Date: 14-11-2024
കൊളത്തൂർ: പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹീതമായ, ഒട്ടേറെ സഞ്ചാരികളെ ആകർഷിക്കുന്ന മാലാപറമ്പ് എടത്തറ ചോലയിൽ സാമൂഹിക വിരുദ്ധർ ശുചിമുറി മാലിന്യം തള്ളി. പെരിന്തൽമണ്ണ- വളാഞ്ചേരി റൂട്ടിലുള്ള എടത്തറ ചോല ടൂറിസം മാപ്പിൽ ഉൾപ്പെടുത്തണമെന്ന് ഏറെ കാലമായി ആവശ്യപ്പെടുന്നതാണ്. വേനലിലും വറ്റാത്ത ഇവിടുത്തെ നീരുറവ പ്രകൃതി മനോഹരമാണ്. മാത്രമല്ല ഒട്ടേറെ പ്രദേശവാസികൾ കുടിവെള്ളമായും മറ്റും ഉപയോഗിക്കുന്നുമുണ്ട്. മാലാപറമ്പ് മിനി ചെക്ക്ഡാമിലെ വെള്ളത്തിലും മാലിന്യം കലർന്ന നിലയിലാണ്. കഴിഞ്ഞ ദിവസം രാത്രിയിൽ മാലിന്യം വാഹനത്തിൽ എത്തിച്ച് തള്ളിയതായാണ് കരുതുന്നത്.
കുരുവമ്പലം പൂതാനിക്കുളമ്പ്, അടിവാരം, കണ്ടഹാർ, കോരങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലെ പൊതു ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ഈ ചോലയിലെ വെള്ളമാണ്.
വർഷങ്ങൾക്കു മുൻപാണ് ഈ ചോലയിൽ ചെക്ക്ഡാം നിർമിച്ച് മാലാപറമ്പിന് താഴ്ഭാഗങ്ങളിൽ താമസിക്കുന്ന ശുദ്ധജല ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലേക്ക് ജലം എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്. ചെക്ക്ഡാം നിർമിച്ചതോടെ താഴ്ഭാഗത്ത് താമസിക്കുന്നവർ ചെറിയ പൈപ്പ് ലൈൻ വഴി ഇതിലെ വെള്ളം ശേഖരിച്ച് കുടിവെള്ളമായും മറ്റും ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെ വെള്ളത്തിന് നിറം മാറ്റവും ദുർഗന്ധവും അനുഭവപ്പെട്ടപ്പോഴാണ് പ്രദേശവാസികൾ ഡാം സന്ദർശിക്കുന്നതും ശുചിമുറി മാലിന്യം തള്ളിയതായി ശ്രദ്ധയിൽ പെടുന്നതും. പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ് പി.സൗമ്യയുടെ നേതൃത്വത്തിൽ സ്ഥിരസമിതി അധ്യക്ഷൻ കെ.മുഹമ്മദ് മുസ്തഫ, വാർഡംഗം ഷിനോസ് ജോസഫ് എന്നിവർ സ്ഥലം സന്ദർശിച്ചു. കൊളത്തൂർ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കൊളത്തൂർ പൊലീസ് അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
