
Perinthalmanna Radio
Date: 17-11-2024
മലപ്പുറം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനത്തിന് മണ്ണെടുക്കാനുള്ള തടസങ്ങള്‍ നീങ്ങുന്നു. ഇത് സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. വ്യവസായ വകുപ്പ് അഡീഷണല്‍ സെക്രട്ടറി മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് പ്രിൻസിപ്പല്‍ സെക്രട്ടറിക്ക് നല്കിയ ഉത്തരവില്‍ നിലവില്‍ മണ്ണെടുപ്പിനുള്ള നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തതായി സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇത് സംബന്ധിച്ച നടപടികളിലേക്ക് ജിയോളജി വിഭാഗം അടിയന്തരമായി നീങ്ങുന്നതോടെ എയർ പോർട്ട് അതോറിട്ടി കണ്ടെത്തിയ 75 കേന്ദ്രങ്ങളില്‍ നിന്ന് മണ്ണെടുത്ത് റണ്‍വേയുടെ കിഴക്ക്, പടിഞ്ഞാറ് ഭാഗങ്ങളില്‍ എത്തിയ്ക്കാനാവും. മണ്ണെടുപ്പിന് സാധാരണ ഗതിയിലുള്ള നിയന്ത്രണങ്ങള്‍ എയർപോർട്ട് റെസ വികസനത്തിന് പ്രയാസം സ്രഷ്ടിക്കുന്നതായി എയർപോർട്ട് അഡ്വൈസറി കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയർന്നിരുന്നു.
ഇതിനോടകം അനുമതി ലഭിച്ച കേന്ദ്രങ്ങളില്‍ നിന്ന് മണ്ണ് നീക്കം ഉടൻ ആരംഭിക്കും. സംസ്ഥാന സർക്കാരിന്റെ ഇടപെടല്‍ ഗുണകരമാവുമെന്ന് എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. നിലവില്‍ പുതിയ മൂന്ന് സർവീസുകളും കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് തുടങ്ങാനിരിക്കുകയാണ്. റെസ നവീകരണം പൂർത്തിയാവുന്നതോടെ എയർപോർട്ടിന്റെ പൂർവ പ്രതാപത്തിലേക്ക് തിരിച്ചെത്തും വിധം വൈഡ് ബോഡി സർവീസുകളും പുനരാരംഭിക്കാനാവുമെന്ന പ്രതീക്ഷയിലാണെന്നും ഇ.ടി. മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ, എയർപോർട്ട് ഡയറക്ടർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും ഇടപെടലുകളെ എം.പി അഭിനന്ദിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
