നാടിനെ നടുക്കിയ മാലാപറമ്പിലെ യുവതിയുടെ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ടായിട്ടും തുമ്പായില്ല

Share to

Perinthalmanna Radio
Date: 18-11-2024

പെരിന്തൽമണ്ണ:  നാടിനെ നടുക്കിയ മാലാപറമ്പിലെ യുവതിയുടെ കൊലപാതകത്തിന് രണ്ട് പതിറ്റാണ്ടായിട്ടും തുമ്പായില്ല. 2004 ഡിസംബർ 28 ന് രാവിലെയാണ് മാലാപറമ്പിലെ മത്തായി വളവിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ വരമ്പിനോട് ചേർന്ന് തല കീഴായി കിടക്കുന്ന മൃതദേഹം കണ്ടെത്തിയത്.

പോസ്‌റ്റ്മോർട്ടത്തിൽ മരണം കൊലപാതകമാണെന്ന് വ്യക്തമായി. ആദ്യ ദിനങ്ങളിൽ പ്രദേശവാസികളായ ചിലരെ ചോദ്യം ചെയ്യുകയും അന്വേഷണം ഊർജിതമായി നടക്കുകയും ചെയ്തിരുന്നു.

എന്നാൽ പിന്നീട് അന്വേഷണം മന്ദഗതിയിലായതായി നാട്ടുകാർ ആരോപിക്കുന്നു.

ആദ്യം പെരിന്തൽമണ്ണ സിഐയുടെയും പിന്നീട് ഡിവൈഎസ്‌പിയുടെയും നേതൃത്വത്തിലായിരുന്നു അന്വേഷണം. പിന്നീട് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കണമെന്ന് ആവശ്യപ്പെട്ട് ആക്‌ഷൻ കമ്മിറ്റിയും രംഗത്തിറങ്ങിയിരുന്നു. ഇവരുടെ നേതൃത്വത്തിൽ ആർഡിഒ ഓഫിസിലേക്ക് മാർച്ച് ഉൾപ്പെടെ നടത്തി.

കൊല്ലപ്പെട്ട സ്‌ത്രീയുടേതെന്ന് കരുതുന്ന മുണ്ടും സാരിയും പരിയാപുരത്തെ കുളക്കരയിൽ നിന്ന് പൊലീസിന് ലഭിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ചിലരെ പൊലീസ് ചോദ്യം ചെയ്‌തിരുന്നു.

ഒരു ജീപ്പ് പൊലീസ് കസ്‌റ്റഡിയിലെടുത്തെങ്കിലും പിന്നീട് ഫൊറൻസിക് പരിശോധനയ്ക്ക് ശേഷം വിട്ടുനൽകി. എന്നാൽ ഒരു മാസത്തിനു ശേഷം ഈ ജീപ്പ് പെരിന്തൽമണ്ണയിൽ നിന്ന് കാണാതായതായി ഉടമ പത്തത്ത് അബ്‌ദു പൊലീസിൽ പരാതി നൽകി.

മാത്രമല്ല കേസിൽ ഊർജിതമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജീപ്പുടമ പിന്നീട് ഉന്നത പൊലീസ് അധികൃതരെയും ഹൈക്കോടതിയെയും സമീപിച്ചു.

2005 ഏപ്രിൽ 18 ന് തെളിയിക്കാനാവാത്ത കേസുകളുടെ പട്ടികയിലേക്ക് കൊലപാതകവും ചേർക്കപ്പെട്ടു. എന്നാൽ ആന്റി ബ്ലേഡ് ആക്‌ഷൻ ഫോറം സെക്രട്ടറിയും ആദ്യം പൊലീസ് കസ്‌റ്റഡിയിലെടുത്ത ജീപ്പിന്റെ ഉടമയുമായ പത്തത്ത് അബ്‌ദു ഹൈക്കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിൽ കേസിൽ തുടരന്വേഷണം നടത്തി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ 2021 ൽ ഹൈക്കോടതി ക്രൈംബ്രാഞ്ച് പൊലീസിനോട് ആവശ്യപ്പെട്ടു.

എന്നാൽ കേസിൽ ഇപ്പോഴും അന്വേഷണം നടക്കുകയാണ്. തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് ലോക്കൽ പൊലീസും തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ക്രൈംബ്രാഞ്ച് പൊലീസും പറഞ്ഞൊഴിയുമ്പോൾ കൊലപാതകം സമസ്യയായി അവശേഷിക്കുന്നു.

അതേ സമയം പത്തത്ത് അബ്‌ദു പിന്നീട് പല തവണ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും ഈ വിഷയത്തിൽ പരാതികൾ നൽകി. അന്വേഷണം നടത്തിയ ഏജൻസികൾ ഉദാസീനത പുലർത്തിയെന്ന ആക്ഷേപം നാട്ടുകാർക്കിടയിലും ശക്തമാണ്. കൊല്ലപ്പെട്ട സ്‌ത്രീയെ തിരിച്ചറിഞ്ഞിട്ടില്ലെന്നാണ് ഇപ്പോഴും പറയുന്നത്.

എന്നാൽ ഇവർ പരിയാപുരത്ത് പലയിടത്തും വീട്ടു ജോലി ചെയ്‌തിരുന്നതായി നാട്ടുകാരിൽ ചിലർ പറയുന്നു.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട ഒട്ടേറെ തെളിവുകൾ അന്വേഷണ സംഘം മുൻപാകെ ഹാജരാക്കിയിട്ടും ആ നിലയ്‌ക്ക് അന്വേഷണം നടന്നില്ലെന്നാണ് കേസിൽ ഹൈക്കോടതിയെയും ഉന്നത അധികൃതരെയും സമീപിച്ച പത്തത്ത് അബ്‌ദുവിന്റെ പരാതി. വീണ്ടും വിഷയത്തിൽ കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ് അദ്ദേഹം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *