
Perinthalmanna Radi
Date: 08-12-2024
പെരിന്തൽമണ്ണ : പൊന്ന്യാകുർശ്ശി ദുബായ് പടിയിൽ അനുമതി വാങ്ങാതെ പ്രവർത്തിക്കുന്ന ടൈൽ ഗോഡൗണിന്റെ മതിൽ ഇടിഞ്ഞുവീണ് അങ്കണവാടിയിലേക്കുള്ള വഴി തടസ്സപ്പെട്ടിട്ട് ആറുമാസം. മുൻപ് മില്ല് പ്രവർത്തിച്ചിരുന്ന ഓടിട്ട പഴയ കടമുറിയിലാണ് ഇപ്പോൾ അങ്കണവാടി പ്രവർത്തിക്കുന്നത് അസൗകര്യങ്ങൾക്ക് നടുവിൽ.
കുട്ടികളും ഭക്ഷണം പാചകംചെയ്യുന്നതിനുള്ള പലവ്യഞ്ജനങ്ങളും എല്ലാം ഒരു മുറിയിൽത്തന്നെയാണ്. ഇരുപതിലേറെ കുട്ടികൾ വന്നിരുന്നത് പകുതിയോളമായി കുറഞ്ഞിട്ടുണ്ട്. ശൗചാലയം ദൂരെയാണെന്നതും മുറിയുടെ പിറകുഭാഗത്ത് വിറക് ഉൾപ്പെടെ കൂട്ടിയിട്ട സാഹചര്യത്തിൽ ഇഴജന്തുക്കൾ വരാനുള്ള സാഹചര്യവും അങ്കണവാടി വർക്കർമാരെയും അങ്കലാപ്പിലാക്കുന്നുണ്ട്.
കളിപ്പാട്ടങ്ങളും കസേരകളും ഉൾപ്പെടെ പല സാധനങ്ങളും സൗകര്യമില്ലാത്തതിനാൽ ഇവിടേക്ക് മാറ്റിയിട്ടില്ലെന്നും രണ്ട് മാസം എന്നുപറഞ്ഞ് തുടങ്ങിയിട്ട് ഏഴുമാസമായി ഇവിടെ തുടരുകയാണെന്നും ജീവനക്കാർ പറയുന്നു. കുട്ടികളെ ഇപ്പോൾ അങ്കണവാടിയിലേക്ക് അയയ്ക്കാൻ പേടിയാണെന്ന് രക്ഷിതാക്കളും പറയുന്നു.
വിഷയത്തിൽ നടപടിയെടുത്തില്ലെന്ന് സി.പി.എം. ദുബായ്പ്പടി ബ്രാഞ്ച് സെക്രട്ടറി അബ്ദു മനാഫ് നഗരസഭാ വികസനസമിതിക്ക് മുമ്പാകെ പരാതി നൽകി. ഭീമൻ കരിങ്കല്ലുകൾകൊണ്ട് അശാസ്ത്രീയമായി നിർമിച്ച 40 അടി വരുന്ന മതിൽ ഓഗസ്റ്റ് മാസത്തിലാണ് ഭാഗികമായി ഇടിഞ്ഞുവീണത്.
ജൂൺ മാസത്തിൽ ത്തന്നെ മതിലിന്റെ അപകടാവസ്ഥയെക്കുറിച്ച് നഗരസഭയിൽ പരാതി നൽകിയിരുന്നെങ്കിലും അങ്കണവാടി 200 മീറ്റർ അകലെയുള്ള കടമുറിയിലേക്ക് മാറ്റുക മാത്രമാണ് നഗരസഭ ചെയ്തതെന്നും അനുമതിവാങ്ങാതെ പ്രവർത്തിക്കുന്ന ഗോഡൗണിനെതിരെയോ മതിൽ അടിയന്തരമായി പുനർനിർമിക്കുന്ന കാര്യത്തിലോ നടപടി ഉണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. നിലവിൽ അനുമതിയില്ലാതെയാണ് ഗോഡൗൺ പ്രവർത്തിക്കുന്നതെന്നും എന്നാൽ പിഴയടച്ച് പരിഹരിക്കാൻ കഴിയുന്ന പ്രശ്നം മാത്രമാണ് അനുമതിയുടെ കാര്യത്തിൽ ഉള്ളതെന്നും നഗരസഭാധ്യക്ഷൻ പി. ഷാജി വിശദീകരിച്ചു.
15 ദിവസത്തിനുള്ളിൽ മതിൽ പുനർ നിർമാണം തുടങ്ങണമെന്ന് സ്വകാര്യവ്യക്തിക്ക് നഗരസഭ നോട്ടീസ് നൽകിയിരുന്നു. പണി തുടങ്ങിയതായാണ് സ്വകാര്യവ്യക്തി നഗരസഭയെ അറിയിച്ചത്. എന്നാൽ പരിശോധനയിൽ പണി തുടങ്ങിയിട്ടില്ലെന് മനസ്സിലായി. നിലവിൽ പൊളിഞ്ഞുവീണ മതിലിന്റെ ബാക്കിഭാഗവും പൊളിഞ്ഞു വീഴാനുള്ള തരത്തിലാണ് നിൽക്കുന്നത്. പരാതിയിൽ ഏഴ് ദിവസത്തിനകം ബന്ധപ്പെട്ട വ്യക്തികളെ വിളിച്ചുവരുത്തി തീരുമാനമെടുക്കാൻ വികസനസമിതി യോഗം മുൻസിപ്പാലിറ്റി സൂപ്രണ്ടിനെ ചുമതലപ്പെടുത്തി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/HVttgTxHYWILR97GONuytr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
