
Perinthalmanna Radio
Date: 18-12-2024
പെരിന്തൽമണ്ണ: പെരുമ്പിലാവ്–നിലമ്പൂർ സംസ്ഥാന പാതയുടെ ഭാഗമായ മേലാറ്റൂർ–പുലാമന്തോൾ റോഡിൽ നിർമാണ സ്തംഭനം തുടരുന്നതിനിടെ വീണ്ടും കരാറുകാരനെ മാറ്റി. ഒന്നര വർഷം കൊണ്ടു തീർക്കേണ്ട പണി നാലു വർഷവും മൂന്നു മാസവും കഴിഞ്ഞിട്ടും പാതിവഴിയിൽ നിൽക്കുന്നു. ഇടക്കാലത്ത് കരാറുകാരനെ മാറ്റിയെങ്കിലും വീണ്ടും പഴയ കരാറുകാരനു തന്നെ ചുമതല നൽകി. എല്ലാം പാഴായതോടെ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ട് (കെഎസ്ടിപി) നേരിട്ട് അറ്റകുറ്റപ്പണികൾ നടത്താനാണു പുതിയ തീരുമാനം. ഒരു മാസത്തിനകം പണികൾ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുമെന്നാണ് അധികൃതർ പറയുന്നത്.
വീണ്ടും എസ്റ്റിമേറ്റും ടെൻഡർ നടപടികളും പൂർത്തീകരിച്ച് പുതിയ കരാറുകാരെ പ്രവൃത്തി ഏൽപിക്കും. 2025 മാർച്ച് 31-നകം ഈ നടപടികൾ പൂർത്തീകരിക്കും. 2025 ഡിസംബർ 30-നകം റോഡിന്റെ നവീകരണം പൂർത്തീകരിക്കുമെന്നും കെഎസ്ടിപി ഉദ്യോഗസ്ഥർ അറിയിച്ചു. പുതുതായി എസ്റ്റിമേറ്റ് തയാറാക്കുന്നതിനു മുൻപായി കെഎസ്ടിപി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു.
ഇക്കഴിഞ്ഞ ഒക്ടോബർ ആദ്യ വാരം തിരുവനന്തപുരത്ത് പൊതുമരാമത്ത് വകുപ്പു മന്ത്രിയുടെ അധ്യക്ഷതയിൽ വിളിച്ച യോഗത്തിൽ നവംബർ 20-നകം പണി പൂർത്തിയാക്കി ഗതാഗതയോഗ്യമാക്കുമെന്ന് കരാറുകാർ ഉറപ്പു നൽകിയിരുന്നതാണ്.
ഇതിൽ വീഴ്ച വരുത്തിയ സാഹചര്യത്തിലാണു കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ചത്. ഈ റോഡിൽ ഇനിയൊരു പ്രവൃത്തി നടത്തുന്നതിന് നിലവിലെ കരാർ കമ്പനിയെ ഇനി അനുവദിക്കില്ല. ഇവരുടെ യന്ത്രസാമഗ്രികൾ എടുത്തു നീക്കാനും തൊഴിലാളികളെ പിൻവലിക്കാനും കരാറുകാർക്ക് കർശന നിർദേശം നൽകി. റോഡ് കൂടുതൽ തകർന്നത് പുളിങ്കാവ്, ചില്ലീസ് ജംക്‌ഷൻ, മേലാറ്റൂർ-ഒലിപ്പുഴ ഭാഗങ്ങളിലാണ്. പ്രവൃത്തി പാതിവഴിയിലാക്കിയ വിഷയത്തിൽ തുടർനടപടികൾ ഏകോപിപ്പിക്കാൻ ഓൺലൈൻ യോഗം ചേർന്നു.
നജീബ് കാന്തപുരം എംഎൽഎ, പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അസി. പ്രൈവറ്റ് സെക്രട്ടറി അജിത് ലാൽ, കെഎസ്ടിപി ചീഫ് എൻജിനീയർ അൻസാർ, പ്രൊജക്ട് ഡയറക്ടർ, മറ്റ് ഉന്നത ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സൂപ്രണ്ടിങ് എൻജിനീയർ ബിന്ദു, എക്സിക്യൂട്ടീവ് എൻജിനീയർ ബിജി, അസി. എൻജിനീയർ കെ.എം.മനോജ് എന്നിവർ യോഗത്തിൽ നേരിട്ടു പങ്കെടുത്തു.
കരാർ കമ്പനിയിൽ നിന്നു നഷ്ടപരിഹാരം ഈടാക്കണമെന്നു നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു. 144 കോടി രൂപ ചെലവിൽ 30 കിലോ മീറ്റർ വരുന്ന റോഡിന്റെ നവീകരണം 2021 ജനുവരിയിലാണ് ആരംഭിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യു
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio*
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
