
Perinthalmanna Radio
Date: 18-12-2024
മലപ്പുറം: മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെയും ട്രാൻസ്പോർട്ട് കമ്മിഷണറുടെയും പ്രത്യേക നിർദേശത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും മോട്ടർ വാഹന വകുപ്പും സംയുക്തമായി നടത്തുന്ന വാഹന പരിശോധന ജില്ലയിൽ ആരംഭിച്ചു.
നിരത്തുകളിൽ തുടർക്കഥയാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുകയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന പ്രത്യേക പരിശോധനയുടെ ലക്ഷ്യം. നിയമലംഘനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാനാണു ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെയും ജില്ലാ ആർടിഒ ബി.ഷഫീക്കിന്റെയും നിർദേശം. ജില്ലയിലെ ആറ് ഡിവൈഎസ്പി മാർക്കു കീഴിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെയും മലപ്പുറം ആർടിഒ ഓഫിസ്, വിവിധ സബ് ഓഫിസ് ഉദ്യോഗസ്ഥരുടെയും മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ 24 മണിക്കൂറും നിരത്തുകളിൽ പരിശോധന കർശനമാക്കും. അപകട മേഖലകൾ, ദേശീയ സംസ്ഥാന പാതകൾ, സ്കൂൾ, കോളജ് പരിസരങ്ങൾ എന്നിവയ്ക്കു പുറമേ ഗ്രാമീണ പാതകളിലേക്ക് ഇറങ്ങിച്ചെന്നും പരിശോധന കർശനമാക്കും. മദ്യപിച്ചു വാഹനം ഓടിച്ചാലും അപകടകരമായ രീതിയിൽ വാഹനം ഓടിച്ചാലും പിഴയ്ക്കു പുറമേ ഉടനടി ലൈസൻസ് സസ്പെൻഡ് ചെയ്യും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെയും അമിതവേഗം, അപകടകരമായ ഓവർടേക്ക്, വാഹനങ്ങൾ മോടികൂട്ടൽ തുടങ്ങി ഓരോ നിയമങ്ങൾക്കെതിരെ കർശന നടപടി എടുക്കും.
തുടർച്ചയായി നിയമം ലംഘിച്ചാൽ ലൈസൻസ് പോകും
അഞ്ചുതവണ നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനാണു തീരുമാനം. ഇ-ചലാൻ പരിശോധിച്ച് അഞ്ചോ അതിലധികമോ നിയമലംഘനങ്ങൾ നടത്തിയവരുടെ പട്ടിക തയാറാക്കി അവർക്കു നോട്ടിസ് അയച്ചു ലൈസൻസ് സസ്പെൻഡ് ചെയ്യും. രാത്രി യാത്രകളിലെ ഉറക്കം ഒഴിവാക്കുന്നതിനു വേണ്ടി യാത്രക്കാർക്കു ചുക്കുകാപ്പി വിതരണം പോലുള്ള പരിപാടികളും സംഘടിപ്പിക്കും. വ്യാപകമായ ബോധവൽക്കരണങ്ങളും നടത്തും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
