പെരിയ ഇരട്ടക്കൊല കേസ്; മുൻ എംഎൽഎ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാർ

Share to

Perinthalmanna Radio
Date: 28-12-2024

കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ 14 പ്രതികൾ കുറ്റക്കാരെന്ന് കോടതി. 10 പ്രതികളെ കുറ്റവിമുക്തരാക്കി. ഉദുമ മുൻ എം.എൽ.എ. കെ.വി. കുഞ്ഞിരാമനും മുൻ ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കുഞ്ഞിരാമൻ 20-ാം പ്രതിയാണ്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നു മുതൽ എട്ടു വരെ പ്രതികൾക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു.

കേസിൽ 9,11,12,13,16,17,18,19,23,24 പ്രതികളെയാണ് കോടതി വെറുതെവിട്ടത്. ശിക്ഷിക്കപ്പെട്ടവരിൽ ആറുപേർ സിപിഎം നേതാക്കളാണ്.ശിക്ഷാവിധി ജനുവരി 3 ലേക്ക് മാറ്റി. കേസിൽ എറണാകുളം സി.ബി.ഐ. പ്രത്യേക കോടതിയാണ് ശനിയാഴ്ച വിധിപറഞ്ഞത്. 20 മാസത്തോളം നീണ്ട വിചാരണ നടപടികൾക്കു ശേഷമാണ് കേസിൽ വിധി വന്നത്.

സി.പി.എം. നേതാക്കളുൾപ്പെടെ കേസിൽ 24 പ്രതികളാണുണ്ടായിരുന്നത്. ആദ്യം ലോക്കൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും ഒടുവിൽ സി.ബി.ഐയുമാണ് കേസ് അന്വേഷിച്ചത്. ഹൊസ്ദുർഗ് കോടതിയിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചുവെങ്കിലും തുടർനടപടി തുടങ്ങുംമുൻപേ ഹൈക്കോടതി കേസ് സി.ബി.ഐ.ക്ക് വിടുകയായിരുന്നു. കുറ്റപത്രം സമർപ്പിച്ചവേളയിൽ കീഴ്ക്കോടതിയുടെ വിമർശനങ്ങളും ക്രൈംബ്രാഞ്ച് അന്വേഷണസംഘം ഏറ്റുവാങ്ങിയിരുന്നു. രണ്ടുവർഷത്തോളം നടന്ന വിചാരണയാണ് സി.ബി.ഐ. കോടതിയിൽ നടന്നത്.

മുൻ എം.എൽ.എ.യും സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗവുമായ കെ.വി.കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റും സി.പി.എം. മുൻ ഉദുമ ഏരിയാ സെക്രട്ടറിയുമായ കെ.മണികണ്ഠൻ, പാർട്ടി പാക്കം-പെരിയ ലോക്കൽ സെക്രട്ടറിമാരായിരുന്ന വെളുത്തോളി രാഘവൻ, എൻ. ബാലകൃഷ്ണൻ തുടങ്ങി 24 പ്രതികളാണ് സി.ബി.ഐയുടെ കുറ്റപത്രത്തിലുണ്ടായിരുന്നത്. ഇതിൽ 14 പേരെ ക്രൈം ബ്രാഞ്ചാണ് അറസ്റ്റുചെയ്തത്. ആദ്യം അറസ്റ്റിലായ 14 പേരിൽ 11 പേർ വിയ്യൂർ സെൻട്രൽ ജയിലിലും പ്രതിപ്പട്ടികയിൽ സി.ബി.ഐ. ചേർത്ത പത്തു പേരിൽ അന്നു സി.പി.എം. ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി.രാജേഷ് ഉൾപ്പെടെ അഞ്ചു പേർ കാക്കനാട് ജയിലിലുമാണ് കഴിഞ്ഞത്.

കല്ല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത്ത്ലാലിനെയും 2019 ഫെബ്രുവരി 17-നാണ് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്. ഏച്ചിലടുക്കം റോഡിൽ കാറിലെത്തിയ സംഘം ഇരുവരെയും തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ബൈക്ക് തടഞ്ഞുനിർത്തിയ അക്രമിസംഘം കൃപേഷിനെയും ശരത്ത് ലാലിനെയും അതിക്രൂരമായി വെട്ടിപ്പരിക്കേൽപ്പിച്ചു. കൃപേഷ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. മംഗളൂരുവിലെ ആശുപത്രിയിലേക്കുള്ള യാത്രാ മധ്യേയായിരുന്നു ശരത്ത് ലാൽ മരിച്ചത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *