
Perinthalmanna Radio
Date: 29-12-2024
പെരിന്തൽമണ്ണ: നഗരത്തിലെ നികുതി പിരിവ് ഊർജിതമാക്കാൻ ഡിമാൻഡ് നോട്ടിസുമായി നഗരസഭ. 10 കുടുംബശ്രീ പ്രവർത്തകരെ നിയോഗിച്ചാണ് വാർഡുകളിൽ ബന്ധപ്പെട്ടവർക്ക് നോട്ടിസ് നേരിട്ട് എത്തിക്കുക. നഗരസഭാ കൗൺസിലിന്റെ നാലാം വാർഷിക ദിനത്തിൽ ചേർന്ന യോഗമാണ് തീരുമാനം എടുത്തത്.
പെരിന്തൽമണ്ണ മൃഗാശുപത്രിയിലേക്ക് കൗ ലിഫ്റ്റ് യന്ത്രം വാങ്ങും. രോഗബാധ മൂലമോ അല്ലാതെയോ കിടന്നുപോയ ഉരുക്കളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കിടത്താനുള്ള യന്ത്രമാണ് കൗ ലിഫ്റ്റ് യന്ത്രം. വളർത്തുമൃഗങ്ങളെ അനായാസം ചികിൽസിക്കാൻ കഴിയുന്ന കൗ ലിഫ്റ്റ് യന്ത്രം കർഷകർക്ക് ഏറെ പ്രയോജനകരമാണ്.
നഗരസഭയുടെ പച്ചക്കറി കൃഷി വികസനം പദ്ധതിയുടെ ഭാഗമായി 3,50,000 രൂപ ചെലവഴിച്ച് മൺചട്ടി, തൈകൾ എന്നിവ വിതരണം ചെയ്യും. 24–ാം വാർഡ് കുന്നപ്പള്ളി വളയംമൂച്ചിയിൽ വർഷങ്ങളായി ഉപയോഗ്യശൂന്യമായ നിലയിൽ കാടുപിടിച്ച്, അജൈവ മാലിന്യങ്ങൾ കൂടികിടന്ന പൊതുകിണർ നികത്തി ബ്യൂട്ടി സ്‌പോട് നിർമിക്കും.
2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാ കൗൺസിലിന്റെ അംഗീകാരം ലഭ്യമായ വ്യക്തിഗത ഗുണഭോക്തൃ പട്ടികകൾക്ക് യോഗം അംഗീകാരം നൽകി.
നെൽകൃഷി-കൂലി ചെലവ് സബ്‌സിഡി, വീട്ടുമുറ്റത്തെ പച്ചക്കറി കൃഷി, കറവപ്പശുക്കൾക്ക് കാലിത്തീറ്റ, പാലിന് സബ്‌സിഡി, പട്ടിക ജാതി വിദ്യാർഥി സ്കോളർഷിപ്, ഷുവർ വിദ്യാഭ്യാസ പദ്ധതി– പട്ടിക ജാതി വിദ്യാർഥികൾക്ക് ലാപ്ടോപ്, ഭിന്നശേഷി വിദ്യാർഥികൾക്ക് സ്കോളർഷിപ്, മുറ്റത്തൊരു മീൻ തോട്ടം, ഇലക്ട്രോണിക് ചക്രക്കസേര, പട്ടികജാതി മിശ്ര വിവാഹ സഹായധനം, പട്ടിക ജാതി വനിതകൾക്ക് വിവാഹ സഹായം എന്നീ വ്യക്തിഗത ഗുണഭോക്തൃ പട്ടികയ്‌ക്കാണ് അംഗീകാരം നൽകിയത്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
