കീഴാറ്റൂർ മുതുകുർശ്ശിക്കാവിൽ താലപ്പൊലിയാഘോഷം സമാപിച്ചു

Share to

Perinthalmanna Radio
Date: 12-01-2025

പട്ടിക്കാട് : ഉത്സവക്കാഴ്ചകളുടെ വർണ്ണരാജികൾ വിരിയിച്ച് കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലിയാഘോഷം സമാപിച്ചു. ക്ഷേത്രത്തിൽ വൃശ്ചികം ഒന്ന് മുതൽ നടക്കുന്ന കളംപാട്ടിന് സമാപനം കുറിച്ചാണ് താലപ്പൊലി ആഘോഷിക്കുന്നത്.

ശനിയാഴ്ച അയ്യപ്പൻ താലപ്പൊലിയാഘോഷത്തിന്റെ ഭാഗമായി നടന്ന കൊട്ടിപ്പുറപ്പാടിൽ നിരവധിപേർ പങ്കെടുത്തു. ചിറക്കൽ കാളിദാസൻ തിടമ്പേറ്റി ഏഴ് ആനകളുടെ അകമ്പടിയോടെ നടന്ന കൊട്ടിപ്പുറപ്പാടിന് ഉറഞ്ഞുതുള്ളുന്ന കോമരങ്ങൾ, വാദ്യ മേളങ്ങൾ, പൂതങ്ങൾ, കാള, കുതിര എന്നിവ മിഴിവേകി. കേളി, ആനച്ചമയ പ്രദർശനം, കാഴ്ചശീവേലി, ആനയൂട്ട്, പ്രസാദ ഊട്ട്, നാദസ്വരക്കച്ചേരി, വർണ്ണവിസ്മയം, നാടൻ പാട്ടുകളും ദൃശ്യാവിഷ്കാരങ്ങളും എന്നിവയും ഉണ്ടായി. പുലർച്ചെ നടന്ന ചുറ്റുതാലപ്പൊലിയോടെ ആഘോഷ പരിപാടികൾ സമാപിച്ചു.

കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലെ താലപ്പൊലി ആഘോഷത്തിന്റെ ഭാഗമായി ചെമ്മാണിയോട് ജനകീയക്കൂട്ടായ്മ നടത്തിയ അനുബന്ധപൂരം ഘോഷയാത്ര വർണാഭമായി. ശിങ്കാരിമേളം, പൂക്കാവടി, തിറ തുടങ്ങിയവയുടെ അകമ്പടിയോടെ ശനിയാഴ്ച രാവിലെ പുതിയേടത്ത് ശിവക്ഷേത്രപരിസരത്തുനിന്നാണ് ഘോഷയാത്ര തുടങ്ങിയത്.

തുടർന്ന് പഴേടയത്ത് ശിവക്ഷേത്രപരിസരം, ജി.എൽ.പി. സ്കൂൾ പരിസരം എന്നിവിടങ്ങളിലെല്ലാം പ്രയാണം നടത്തിയ ഘോഷയാത്ര ഉച്ചയ്ക്കുശേഷമാണ് കീഴാറ്റൂർ മുതുകുർശ്ശിക്കാവ് അയ്യപ്പക്ഷേത്രത്തിലേക്ക് യാത്രതിരിച്ചത്. വൈകീട്ടോടെ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധിപേർ പൂരം ഘോഷയാത്രയിൽ പങ്കാളികളായി. ജനകീയ കമ്മിറ്റി ചെയർമാൻ ലെനിൻ, കൺവീനർ ഷാനു ഖജാൻജി ഗോപാലൻ തുടങ്ങിയവർ നേതൃത്വം നൽകി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *