മേലാറ്റൂരിൽ മുടങ്ങിക്കിടന്ന റോഡുപണി പുനരാരംഭിച്ചു

Share to

Perinthalmanna Radio
Date: 15-01-2025

മേലാറ്റൂർ: ജനകീയ സമര സമിതിയുടെ റോഡ് ഉപരോധം ഫലം കണ്ടു. മേലാറ്റൂരിൽ പാത നവീകരണം തുടങ്ങി. ചോലക്കുളം മുതൽ ഒലിപ്പുഴ വരെയുള്ള പ്രവൃത്തിയാണ് ദ്രുതഗതിയിൽ പുരോഗമിക്കുന്നത്. പുലാമന്തോൾ – മേലാറ്റൂർ – ഒലിപ്പുഴ റോഡിന്റെ നവീകരണ പ്രവൃത്തി മാസങ്ങളായി നിലച്ചതിനാൽ കഴിഞ്ഞ 7ന് ജനകീയ സമര സമിതി മേലാറ്റൂർ ജംക്‌ഷനിൽ റോഡ് ഉപരോധിച്ചിരുന്നു. സമരത്തിനിടെ സ്ഥലത്തെത്തിയ പ്രവൃത്തിയുടെ കരാർ ഏറ്റെടുത്ത ആന്ധ്രപ്രദേശിലെ കമ്പനി പ്രൊജക്ട് മാനേജറുമായി മേലാറ്റൂർ പൊലീസ് സ്റ്റേഷനിൽ സിഐയുടെ നേതൃത്വത്തിൽ സമരസമിതി ചർച്ച നടത്തിയിരുന്നു.

ഇതിൽ ഒരാഴ്ചയ്ക്കകം മേലാറ്റൂർ മുതൽ ഒലിപ്പുഴ വരെ ഒരു ലെയർ ടാറിങ് നടത്തുകയും ഒരു മാസത്തിനകം മേലാറ്റൂർ ഭാഗം പണി പൂർത്തിയാക്കുമെന്നും അറിയിച്ചിരുന്നു. നേരത്തെ റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് ജനകീയ സമിതി കുറ്റിപ്പുറം കെഎസ്ടിപി ഓഫിസിലുമെത്തി സമരം നടത്തിയിരുന്നു.

മേലാറ്റൂർ ഭാഗത്ത് റോഡിൽ കുഴികളും പൊടിയും നിറഞ്ഞ് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയെ തുടർന്നാണു ജനകീയ സമിതി പാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സമരത്തിനിറങ്ങിയത്. സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഈ റോഡ് നവീകരണം നടത്തുവാൻ 144 കോടി രൂപയാണ് അനുവദിച്ചിരുന്നത്. 18 മാസം കൊണ്ട് തീർക്കാനായിരുന്നു കരാർ. പല കാരണങ്ങൾ കൊണ്ടും മുടങ്ങിയ പ്രവൃത്തി നാലര വർഷമായിട്ടും പൂർത്തീകരിച്ചിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/G1EZoPPO7BGKJcREbdUair
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *