നിലമ്പൂർ പാതയിലെ റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ച് ഇ.ടി.മുഹമ്മദ് ബഷീർ എംപി

Share to

Perinthalmanna Radio
Date: 29-01-2025

പെരിന്തൽമണ്ണ: ലോക്സഭാ മണ്ഡലം പരിധിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്താനും ജനകീയ ആവശ്യങ്ങൾ നേരിട്ടറിയാനും ഇ.ടി.മുഹമ്മദ് ബഷീർ എംപിയെത്തി. എംഎൽഎമാർ, ജനപ്രതിനിധികൾ എന്നിവർക്കൊപ്പമാണ് ഷൊർണൂർ – നിലമ്പൂർ പാതയിലെ സ്റ്റേഷനുകൾ സന്ദർശിച്ചത്. കഴിഞ്ഞ ദിവസം വള്ളിക്കുന്ന് സ്റ്റേഷനും സന്ദർശിച്ചിരുന്നു.

തൊടികപ്പുലം, മേലാറ്റൂർ, പട്ടിക്കാട്, അങ്ങാടിപ്പുറം, ചെറുകര എന്നിവിടങ്ങളിൽ എംഎൽഎമാരായ പി.അബ്ദുൽ ഹമീദ്, യു.എ.ലത്തീഫ്, നജീബ് കാന്തപുരം, ബ്ലോക്ക് പ്രസിഡന്റു‌മാരായ എ.കെ.മുസ്തഫ, ടി.അബ്ദുൽ കരീം, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷഹീദ, റമീഷ, റെയിൽവേ അസിസ്റ്റന്റ് കമേഴ്സ്യൽ മാനേജർ അനിത ജോസ്, അസിസ്റ്റന്റ് ഡിവിഷനൽ എൻജിനീയർ സി.ആർ.അലഗർ സ്വാമി, സീനിയർ സെക്‌ഷൻ എൻജിനീയർ സുർജിത്, ആർപിഎഫ് ഇൻസ്പെക്ടർ സി.ടി ക്ലാരി വത്സ, എഎസ്ഐ അരവിന്ദാക്ഷൻ, പി.എച്ച്.ഷമീം, രോഹിൽനാഥ്, സലാം, കുന്നത്ത് മുഹമ്മദ്, ഹനീഫ പെരിഞ്ചീരി, അമീർ പാതാരി, റഊഫ് കൂട്ടിലങ്ങാടി എന്നിവരും കൂടെയുണ്ടായിരുന്നു.

മേലാറ്റൂരിലെ ക്രോസിങ് സ്റ്റേഷന്റെ നിർമാണ പുരോഗതി വിലയിരുത്തി. ഇവിടെ മേൽനടപ്പാലം, വെയ്റ്റിങ് ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഒരുങ്ങുന്നുണ്ട്. പട്ടിക്കാട്, മേലാറ്റൂർ എന്നിവിടങ്ങളിൽ റോഡ് മേൽപാലത്തിന്റെ നിർമാണം തുടങ്ങാനിരിക്കുകയാണ്.

അങ്ങാടിപ്പുറം സ്റ്റേഷനിലെ രണ്ട് എഫ്ഒബിയിലും ലിഫ്റ്റ് സൗകര്യവും ഒരുക്കുന്നുണ്ട്. ശുദ്ധജലം, ശുചിമുറി, മേൽക്കൂര എന്നിവയുടെ നിർമാണം പുരോഗമിക്കുന്നു. പ്ലാറ്റ്ഫോം ദീർഘിപ്പിക്കൽ പൂർത്തിയാവുന്നതോടെ രാജ്യറാണി എക്സ്പ്രസിൽ 2 ബോഗികൾ കൂടി കൂട്ടിച്ചേർക്കാനാവുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. വിവിധ സംഘടനാ പ്രതിനിധികൾ മെമു സർവീസ്, വിസ്റ്റാഡം ടൂറിസ്റ്റ് കോച്ച് ഏർപെടുത്തൽ, കോട്ടയം നിലമ്പൂർ എക്സ്പ്രസിന് സ്റ്റോപ് നൽകൽ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. ഇക്കാര്യങ്ങളിൽ അനുഭാവപൂർവമായ ഇടപെടലുകളുണ്ടാവുമെന്നും റെയിൽവേയിലും സർക്കാരിലും സമ്മർദം ചെലുത്തുമെന്നും എംപി അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *