
Perinthalmanna Radio
Date: 30-01-2025
പെരിന്തൽമണ്ണ: അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിന്റെ ശോച്യാവസ്ഥയും വികസന മുരടിപ്പും സംബന്ധിച്ച് പരിഹാര നടപടികൾക്ക് ശ്രമം നടത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സർവകലാശാലാ അധികൃതരും യോഗം ചേർന്നു. ചേലാമലയിലെ സെന്ററിൽ ഇ.ടി.മുഹമ്മദ് ബഷീർ എംപിയുടെ അധ്യക്ഷതയിലായിരുന്നു യോഗം. നിലവിലുള്ള എംബിഎ, ബിഎഡ് കോഴ്സുകളുടെ നടത്തിപ്പിനായി സ്ഥിരം കെട്ടിടങ്ങൾ നിർമിക്കണമെന്ന ആവശ്യവുമായി യുജിസിയെ സമീപിക്കാൻ യോഗം തീരുമാനിച്ചു.
കേന്ദ്ര വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ അലിഗഡ് മുസ്ലിം സർവകലാശാല മലപ്പുറം കേന്ദ്രത്തിന് സ്പെഷ്യൽ എജ്യുക്കേഷൻ സോണായി കണക്കാക്കി കേന്ദ്ര സഹായങ്ങൾ ലഭ്യമാക്കാൻ മുൻകയ്യെടുക്കുമെന്ന് ഇ.ടി.മുഹമ്മദ് ബഷീർ എംപി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനത്തിന് സഹകരിക്കാൻ സാധിക്കുന്നവരെ കണ്ടെത്താൻ ശ്രമിക്കും.
സർവകലാശാലാ കേന്ദ്രത്തിന്റെ വികസനത്തിന് എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്നും എംപി ആഹ്വാനം ചെയ്തു. അലമ്നൈ അസോസിയേഷന്റെ നേതൃത്വത്തിൽ ഫണ്ടുകൾ സ്വരൂപിക്കാനാവുമെന്നും ഇതിനായി സം ഗമം നടത്താനും നജീബ് കാന്തപുരം എംഎൽഎ നിർദേശിച്ചു. ഇതിനു വേണ്ടത് ചെയ്യാൻ തങ്ങൾ സന്നദ്ധമാണെന്ന് യോ ഗത്തിൽ പങ്കെടുത്ത അസോസിയേഷൻ പ്രതിനിധികൾ അറിയിച്ചു. കേന്ദ്രസർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി സർവകലാശാലാ കേന്ദ്രത്തിന്റെ വികസനത്തിന് നടപടിക്രമങ്ങൾ സ്വീകരിക്കുമെന്ന് കലക്ടർ വി.ആർ.വിനോദ് ഉറപ്പുനൽകി.
കേന്ദ്രം ഡയറക്ടർ ഡോ.കെ.പി.ഫൈസൽ ക്യാംപസിന്റെ ദുരവസ്ഥയും കേന്ദ്രം നേരിടുന്ന വെല്ലുവിളികളും വിവരിച്ചു. ക്യാംപസിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമുണ്ടാക്കുന്നതിന് കലക്ടർക്കും എംപിക്കും അദ്ദേഹം നിവേദനം നൽകി.
പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, അലമ്നൈ അസോസിയേഷൻ ഭാരവാഹികളായ ഡോ.സി.അബ്ദുൽ ഹമീദ്, സി.അശ്റഫ് എന്നിവർ പ്രസംഗിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
