
Perinthalmanna Radio
Date: 02-02-2025
പെരിന്തല്‍മണ്ണ: 2020ല്‍ ആരംഭിച്ച നഗരസഭ ആധുനിക ടൗണ്‍ ഹാള്‍ നിർമാണം പൂർത്തിയാക്കാൻ രണ്ടാം ഘട്ട നിർമാണം വീണ്ടും ടെൻഡർ ചെയ്യുന്നു. രണ്ടാംഘട്ട പ്രവൃത്തി പൂർത്തീകരിച്ച് കൈമാറാൻ അംഗീകൃത ഏജൻസികളില്‍ നിന്ന് അനുവദനീയമായ സെന്‍റേജ് ചാർജ് വ്യവസ്ഥയില്‍ ഏറ്റെടുക്കുന്നതിന് സെന്‍റേജ് നിരക്കിലുള്ള മത്സരാധിഷ്ഠിത ടെൻഡറുകള്‍ ക്ഷണിക്കാൻ വെള്ളിയാഴ്ച നടന്ന ഭരണസമിതി യോഗം തീരുമാനിച്ചു. ആദ്യഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കി ടൗണ്‍ ഹാളിന്റെ തുടർ നിർമാണ പ്രവൃത്തികള്‍ നാലു വർഷത്തോളമായി മുടങ്ങി കിടക്കുകയാണ്. പുതിയ ടെൻഡർ നടപടികള്‍ കഴിഞ്ഞാല്‍ യുദ്ധകാല അടിസ്ഥാനത്തില്‍ രണ്ടാംഘട്ട പ്രവൃത്തികള്‍ പൂർത്തിയാക്കുമെന്ന് യോഗത്തില്‍ ചെയർമാൻ പി. ഷാജി അറിയിച്ചു.
മൂന്നു നിലകളില്‍ 22,714 ചതുരശ്ര മീറ്ററാണ് പുതുതായി നിർമിക്കുന്ന ടൗണ്‍ഹാളിന് നേരത്തെ വിഭാവനം ചെയ്തത്. ഏഴു കോടി രൂപയാണ് അഞ്ചു വർഷം മുമ്ബ് കണക്കാക്കിയ ചെലവ്. നാലു കോടി രൂപയുടെ പ്രവൃത്തിയാണ് രണ്ടു വർഷം മുമ്ബ് വരെ പൂർത്തിയായത്.
കെട്ടിടത്തിന്റെ പ്രാഥമിക രൂപമാണിപ്പോഴും. ആധുനിക സൗകര്യങ്ങളോടെ 2020 തുടക്കത്തിലാണ് പദ്ധതിക്ക് ആരംഭം കുറിച്ചത്. പണമില്ലാത്തതിനാല്‍ മുടങ്ങിയതാണ്. നഗരസഭയുടെ പ്രധാന സെമിനാറുകളും പൊതുപരിപാടികളും കഴിഞ്ഞ നാലു വർഷത്തിലേറെയായി പണം ചെലവിട്ട് സ്വകാര്യ ഓഡിറ്റോറിയങ്ങളിലാണ് നടത്തുന്നത്. മൂസക്കുട്ടി സ്മാരക ടൗണ്‍ഹാള്‍ കാലപ്പഴക്കം കാരണം 2019ലാണ് പൊളിച്ച് ഏഴുകോടിയില്‍ നവീകരിക്കാൻ പദ്ധതി തയാറാക്കിയത്. കരാറെടുത്തവർ പൂർത്തിയാക്കിയ പണിക്കുള്ള പണം കിട്ടാൻ നേരത്തെ നഗരസഭക്കെതിരെ പലവട്ടം നിയമനടപടി തുടങ്ങിയിരുന്നു. ഗ്രൗണ്ട് ഫ്ലോറില്‍ 250 ഓളം പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യം, കിച്ചണ്‍ എന്നിവയും ഒന്നാം നിലയില്‍ 504 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും വിഭാവന ചെയ്തിട്ടുണ്ട്. നാലു വർഷം മുടങ്ങിക്കിടന്നതുകൊണ്ട് നേരത്തെ വിഭാവനം ചെയ്തത് പ്രകാരം പദ്ധതി പൂർത്തിയാക്കാൻ നേരത്തെ കണക്കാക്കിയതിനേക്കാള്‍ പണം ചെലവു വരും.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
