നിലമ്പൂരിലേക്ക് സ്ഥിരം മെമു സർവീസ് രണ്ടാഴ്ചയ്ക്കകം തുടങ്ങിയേക്കും

Share to

Perinthalmanna Radio
Date: 18-02-2025

പെരിന്തൽമണ്ണ:  ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് നിറം പകർന്ന് ട്രയൽ റൺ പൂർത്തിയാക്കിയതോടെ ഇതിന്റെ തുടർച്ചയായി ദിവസങ്ങൾക്കകം തന്നെ എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് ഓടിത്തുടങ്ങും. ഒരുവിധത്തിലുള്ള സാങ്കേതിക തടസ്സങ്ങളുമില്ലാതെയാണ് ട്രയൽ സർവീസ് പൂർത്തിയാക്കിയത്.

മെമു സർവീസ് രണ്ടാഴ്‌ചയ്‌ക്കപ്പുറം വൈകില്ലെന്ന് റെയിൽവേയുടെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് രാത്രിയിൽ മെമു സർവീസിന്റെ ട്രയൽ റൺ നടത്തുമെന്ന വിവരം റെയിൽവേ പാലക്കാട് ഡിവിഷൻ അധികൃതർ പുറത്തുവിടുന്നത്. റേക്കുകളുടെ ലഭ്യത ഉറപ്പാക്കിയ ശേഷമായിരുന്നു തീരുമാനം. എറണാകുളം– ഷൊർണൂർ മെമു രാവിലെ 5ന് ഷൊർണൂരിൽനിന്ന് കണ്ണൂരിലേക്ക് മടങ്ങുന്നതാണ്. എന്നാൽ ഞായറാഴ്‌ച ഈ സർവീസ് ഇല്ലാത്തതും ട്രയൽ റണ്ണിന് അനുകൂല ഘടകമായി.

എറണാകുളം – ഷൊർണൂർ മെമു നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യം  നിലമ്പൂർ പാതയിലെ രാത്രിയാത്രാ ക്ലേശങ്ങൾക്ക് പരിഹാരമായി ഉന്നയിക്കപ്പെട്ട പ്രധാന നിർദേശമായിരുന്നു ഇത്. യാത്രക്കാരുടെ വിവിധ സംഘടനകളും ജനകീയ കൂട്ടായ്മയും പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയുമെല്ലാം ഈ ആവശ്യവുമായി ക്യാംപെയ്ൻ നടത്തി. പുതിയ മെമു സർവീസ് ആരംഭിക്കുന്നതോടെ രാത്രിയിലും രാവിലെയുമായി നിലമ്പൂർ–ഷൊർണൂർ റൂട്ടിലെ യാത്രക്കാർക്ക് ഒട്ടേറെ ദീർഘദൂര ട്രെയിനുകൾക്ക് കണക്‌ഷന് വഴിയൊരുങ്ങുകയാണ്. രാത്രിയിൽ തിരുവനന്തപുരം, കണ്ണൂർ, കോഴിക്കോട്, എറണാകുളം ഭാഗത്തുനിന്നുള്ള വിവിധ ട്രെയിനുകളിൽ ഷൊർണൂരിലെത്തുന്നവർക്കും രാവിലെ കണ്ണൂർ, പാലക്കാട്, പഴനി, മധുര, കന്യാകുമാരി, കോട്ടയം, ആലപ്പുഴ, ഗുരുവായൂർ ഭാഗത്തേക്കുള്ള വിവിധ ട്രെയിനുകളിൽ പോകാനുള്ളവർക്കും സർവീസ് വലിയ ആശ്വാസമാകും. സഞ്ചാരികൾക്ക് കൊച്ചിയിൽ രാവിലെ പോയി ഒരു പകൽ ചെലവിട്ട് മടങ്ങാനും വഴിയൊരുങ്ങും.

രാത്രി 9.45ന് ഷൊർണൂരിൽനിന്നു പുറപ്പെട്ട് 11 മണിയോടെ നിലമ്പൂരിലെത്തുന്ന രീതിയിലായിരിക്കും സമയക്രമീകരണം എന്നാണറിവ്. പുലർച്ചെ മൂന്നോടെ തിരിച്ച് നിലമ്പൂരിൽനിന്നു പുറപ്പെട്ട് 4.15ന് ഷൊർണൂരിലെത്തും. ഇവിടെനിന്ന് കണ്ണൂരിലേക്ക് യാത്ര തുടരും. ഇതോട‌െ കണ്ണൂർ എക്‌സിക്യൂട്ടീവിന് ഷൊർണൂരിൽ വന്നിറങ്ങുന്നവർക്ക് നിലമ്പൂരിലേക്ക് ട്രെയിൻ കണക്‌ഷൻ ലഭിക്കുന്നില്ലെന്ന ദീർഘകാലത്തെ പരാതിയും അവസാനിക്കും.

കുലുക്കല്ലൂരിലെയയും മേലാറ്റൂരിലെയും 2 ക്രോസിങ് സ്‌റ്റേഷനുകളുടെ നിർമാണം പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ ഉന്നത അധികൃതർ പറഞ്ഞു. കോട്ടയം എക്‌സ്പ്രസ് ട്രെയിനിന് കൂ‌ടുതൽ സ്‌റ്റോപ്പുകൾ അനുവദിക്കുന്ന കാര്യത്തിലും ഇതിനു ശേഷമേ അനുകൂല തീരുമാനം ഉണ്ടാകൂ എന്നാണറിവ്. അതേസമയം പുതിയ കോയമ്പത്തൂർ–ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്ക് നീട്ടണമെന്ന ആവശ്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *