
Perinthalmanna Radio
Date: 19-02-2025
മലപ്പുറം: വേനൽക്കാലം തുടങ്ങുമ്പോഴേക്കും ജില്ലയിൽ തീപ്പിടിത്തവും വ്യാപകമാകുന്നു. ഈ വർഷം ഫെബ്രുവരി 15 വരെ ജില്ലയിലെ അഗ്നിരക്ഷാസേന ഓഫീസുകളിൽ ഇതു സംബന്ധിച്ചെത്തിയത് 174 ഫോൺ കോളുകൾ. കുറ്റിക്കാടുകൾ, അടിക്കാടുകൾ, പറമ്പുകൾ തുടങ്ങി മാലിന്യക്കൂട്ടങ്ങൾക്ക് തീപിടിച്ചതുവരെ ഇക്കൂട്ടത്തിലുണ്ട്. അന്തരീക്ഷ താപനില ഉയർന്നതും മനുഷ്യരുടെ ബോധപൂർവവും അല്ലാതെയുമുള്ള ഇടപെടലുമാണ് പ്രധാന കാരണം. പകൽസമയത്ത് സിഗരറ്റ് കുറ്റികൾ വലിച്ചെറിയുന്നതുമുതൽ സുരക്ഷയൊരുക്കാതെ വീടുകളിൽ മാലിന്യം സംസ്കരിക്കുന്നതുവരെ ഇക്കൂട്ടത്തിലുണ്ട്. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ പഞ്ചായത്തുതലത്തിൽ ‘തീപ്പിടിത്തവും മുൻകരുതലും’ എന്ന വിഷയത്തിൽ അവബോധക്ലാസുകൾ നൽകിവരുകയാണ്. ജില്ലയിൽ തിരൂർ ഫയർസ്റ്റേഷൻ പരിധിയിലാണ് കൂടുതൽ തീപ്പിടിത്തം; 39 എണ്ണം. താനൂരിലാണ് കുറവ്; 13 എണ്ണം. കഴിഞ്ഞവർഷം 530 വേനൽക്കാല തീപ്പിടിത്തമാണുണ്ടായത്.
▪️എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
കത്തിച്ച തീക്കൊള്ളിയും മറ്റും വലിച്ചെറിയാതിരിക്കുക. വീട്ടുപരിസരങ്ങളിൽ മാലിന്യം കത്തിക്കുമ്പോൾ മതിയായ സുരക്ഷ ഉറപ്പുവരുത്തുക. കാറ്റിന്റെ ദിശ മനസ്സിലാക്കി കത്തിക്കുക.
ഉണങ്ങിയ പുല്ലും ചപ്പുചവറുകളും കൂട്ടിയിടുന്നത് ഒഴിവാക്കുക. പുകവലിച്ച സിഗരറ്റ് കുറ്റികൾ തീ കെടുത്തിമാത്രം വലിച്ചെറിയുക.
വനത്തോടുചേർന്ന പ്രദേശങ്ങളിൽ കാടുമായി വിടവ് ഉറപ്പുവരുത്തുക. തീ കത്തുകയാണെങ്കിൽ പടരുന്നത് തടയാനാണിത്.
കാടിനുള്ളിൽവെച്ച് പുകവലിക്കുകയോ പാചകംചെയ്യുകയോ അരുത്.
വിനോദ ആവശ്യങ്ങൾക്കായി കാടിനുള്ളിൽ തീ ഉപയോഗിക്കാതിരിക്കുക.
കരിയിലയും മറ്റും കത്തിക്കുമ്പോൾ ആവശ്യമായ ജലം അടുത്തുണ്ടെന്ന് ഉറപ്പുവരുത്തുക.
എൽ.പി.ജി., വൈദ്യുതോകരണങ്ങൾ, യു.പി.എസ്., ഇൻവർട്ടറുകൾ തുടങ്ങിയവ ക്ൃത്യമായ ഇടവേളകളിൽ പരിശോധിച്ച് ഉറപ്പുവരുത്തുക.
ട്രാൻസ് ഫോർമറുകൾക്ക് ചുറ്റും പുല്ലും കാടും പിടിച്ചിരിക്കുന്നതു കണ്ടാൽ കെ.എസ്.ഇ.ബി. അധികൃതരെ വിവരമറിയിക്കുക.
വീടുകളോടു ചേർന്ന പ്രദേശങ്ങളിലെ ഉണങ്ങിയ ചെടികൾ, കരിയിലകൾ തുടങ്ങിയവ നീക്കംചെയ്യുക
വ്യവസായ സ്ഥാപനങ്ങളിലും വീടുകളിലും തീപ്പിടിത്ത സാധ്യതയുണ്ടെങ്കിൽ ഇന്ധനങ്ങൾ, ഗ്യാസ് സിലിൻഡറുകൾ മുതലായവ മാറ്റിവെക്കുക.
സന്നദ്ധ, സേവന സംഘടനകളും ക്ലബ്ബുകളും നാട്ടിൻപുറങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നൽകുക.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
