മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം

Share to

Perinthalmanna Radio
Date: 20-02-2025

പെരിന്തൽമണ്ണ: മണ്ണാർമലയിൽ ജനവാസ മേഖലയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വളർത്തു നായയെ കടിച്ച് മുറിവേൽപ്പിച്ച നിലയിൽ കണ്ടെത്തുകയും നായുടെ കഴുത്തിൽ ആഴത്തിൽ പല്ല് പതിഞ്ഞ അടയാളമുള്ളതിനാലും പുലിയാണെന്ന നിഗമനത്തിലാണ് നാട്ടുകാർ. ബുധനാഴ്ച മണ്ണാർമല പള്ളിപ്പടി ചേരിങ്ങൽ, മാട് റോഡ് പ്രദേശങ്ങളിൽ നാലിടങ്ങളിലായി പുലിയെ കണ്ടുവെന്ന് നാട്ടുകാർ പറയുന്നു. കെണി സ്ഥാപിച്ച മാട് റോഡ് ഭാഗത്ത് പുലർച്ചെ 5.45-ന് പുലി നടന്നുപോകുന്നത് കണ്ടതായി വാഹനയാത്രികൻ പറഞ്ഞു. 6.30-ഓടെ റബ്ബർത്തോട്ടം തൊഴിലാളികളുടെ വളർത്തുനായയെ കാണാതാവുകയും മിനിറ്റുകൾ കഴിഞ്ഞപ്പോൾ മുറിവേറ്റ നിലയിൽ കണ്ടെത്തുകയുമായിരുന്നു.

ഉച്ചയ്ക്ക് രണ്ടോടെ പുതുപ്പറമ്പ് ചേരി ഭാഗത്ത് ചോലയുടെ സമീപവും പുലിയെ കണ്ടതായി പറയുന്നു. വൈകീട്ട് ഏഴോടെ മദീന റോഡിൽ ഫോറസ്റ്റ് ഓഫീസിന് തൊട്ടു സമീപത്തുകൂടി നായയെ കടിച്ചുതൂക്കി കൊണ്ടുപോകുന്നത് പ്രദേശവാസിയായ കുട്ടി കണ്ടതായി പറയുന്നു. ജനവാസമേഖലയിൽ പുലിയുടെ സാന്നിധ്യം നാട്ടുകാരിൽ ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. ദിവസങ്ങൾക്കു മുമ്പ് നാട്ടുകാർ സ്ഥാപിച്ച സി.സി.ടി.വി. കാമറയിൽ പുള്ളിപ്പുലിയുടെ ചിത്രം പതിഞ്ഞതിനെത്തുടർന്ന് മാട് റോഡിന് സമീപം കെണി സ്ഥാപിച്ചിരുന്നു. ആലുങ്ങൽ കോരോത്തുപാറ നഗറിനു സമീപം പുലിയെ കണ്ടുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റൊരു കെണികൂടി സ്ഥാപിച്ചെങ്കിലും പുലി കെണിയിൽ വീണില്ല.

*ഐലക്കരയിൽ പുലിയെ കണ്ടതായി നാട്ടുകാർ*

ചെമ്മാണിയോട് ഐലക്കരയിൽ പുലിയെ കണ്ടതായി നാട്ടുകാർ. മലയപ്പറമ്പ് അങ്കണവാടിയുടെ ചുറ്റുമതിലിനു സമീപത്തായി ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് പുലിയെ കണ്ടതായി പ്രദേശവാസിയായ യുവാവ് പറഞ്ഞത്. അങ്കണവാടിക്കു സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന തന്റെ ബൈക്കിനടുത്തേക്ക് നടന്നു പോകുമ്പോഴാണ് പുലിയെ കണ്ടതെന്ന് ഇയാൾ പറഞ്ഞു.

അങ്കണവാടിക്കു സമീപത്തെ വീടിനു മുൻപിൽ പുലിയുടേതെന്ന് സംശയിക്കുന്ന കാൽപ്പാടുകളും കാണപ്പെട്ടു. വാർഡംഗത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വിവിരമറിയിച്ചതിനെത്തുടർന്ന് ആർ.ആർ.ടി. സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ദിവസങ്ങൾക്കു മുൻപ് പ്രദേശത്തെ ടാപ്പിങ് തൊഴിലാളികളും പുലിയെ കണ്ടതായി പറഞ്ഞിരുന്നു. പുലിഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ നാട്ടുകാരുടെ സുരക്ഷയ്ക്കായി അധികൃതരുടെ ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *