
Perinthalmanna Radio
Date: 23-02-2025
ദുബായ്: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിലെ ഗ്ലാമർ പോരാട്ടത്തിൽ പാകിസ്താനെതിരേ ആറു വിക്കറ്റിന്റെ അനായാസ ജയവുമായി സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്താൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം 42.3 ഓവറിൽ നാലു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ മറികടന്നു.
വിരാട് കോലിയുടെ സെഞ്ചുറിയും ശ്രേയസ് അയ്യർ, ശുഭ്മാൻ ഗിൽ എന്നിവരുടെ ഇന്നിങ്സുകളുമാണ് ഇന്ത്യൻ ജയം എളുപ്പമാക്കിയത്. ഗില്ലിനൊപ്പവും ശ്രേയസിനൊപ്പവും സെഞ്ചുറി കൂട്ടുകെട്ട് തീർത്ത വിരാട് കോലി വിജയത്തിൽ നിർണായക സാന്നിധ്യമായി. ഏകദിനത്തിൽ 51-ാം സെഞ്ചുറി നേടിയ കോലി 111 പന്തിൽ നിന്ന് ഏഴ് ഫോറടക്കം 100 റൺസെടുത്ത് പുറത്താകാതെ നിന്നു.
അതിനിടെ വ്യക്തിഗത സ്കോർ 15 റൺസിലെത്തിയതോടെ വിരാട് കോലി ഏകദിനത്തിൽ 14,000 റൺസ് തികച്ചു. സച്ചിനെ മറികടന്ന് ഏറ്റവും വേഗത്തിൽ 14,000 റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോഡും കോലിക്ക് സ്വന്തമായി. സച്ചിനും ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്ക്കും ശേഷം ഏകദിനത്തിൽ 14,000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ താരമാണ് കോലി.
15 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 20 റൺസെടുത്ത് ടീമിന് മികച്ച തുടക്കം സമ്മാനിച്ച ക്യാപ്റ്റൻ രോഹിത് ശർമയാണ് ഇന്ത്യൻനിരയിൽ ആദ്യം പുറത്തായത്. ഷഹീൻ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച ഗിൽ – വിരാട് കോലി സഖ്യം 69 റൺസ് കൂട്ടിച്ചേർത്ത് ഇന്നിങ്സ് ട്രാക്കിലാക്കി. പിന്നാലെ ഗില്ലിനെ പുറത്താക്കി അബ്രാർ അഹമ്മദ് ഈ കൂട്ടുകെട്ട് പൊളിച്ചു. 52 പന്തിൽ നിന്ന് ഏഴു ഫോറടക്കം 46 റൺസെടുത്താണ് ഗിൽ പുറത്തായത്.
ഗിൽ പുറത്തായ ശേഷം മൂന്നാം വിക്കറ്റിൽ ശ്രേയസ് അയ്യർക്കൊപ്പം കോലി 114 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. മധ്യ ഓവറുകളിൽ ഇന്ത്യയ്ക്കായി നിർണായക റൺസ് നേടിയത് ഈ സഖ്യമാണ്. 67 പന്തിൽ നിന്ന് ഒരു സിക്സും അഞ്ചു ഫോറുമടക്കം 56 റൺസെടുത്ത ശ്രേയസിനെ 39-ാം ഓവറിൽ ഖുഷ്ദിൽ ഷായുടെ പന്തിൽ ഇമാം ഉൾ ഹഖ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. പാകിസ്താനു വേണ്ടി ഷഹീൻ അഫ്രീദി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തേ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 49.4 ഓവറിൽ 241 റൺസിന് ഓൾഔട്ടായി. സൗദ് ഷക്കീൽ, മുഹമ്മദ് റിസ്വാൻ, ഖുഷ്ദിൽ ഷാ എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
ഇന്ത്യയ്ക്കായി കുൽദീപ് മൂന്നും ഹാർദിക് പാണ്ഡ്യ രണ്ടും വിക്കറ്റുകൾ വീഴ്ത്തി. അക്ഷറും ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
