
Perinthalmanna Radio
Date: 07-03-2025
പെരിന്തൽമണ്ണ : മാലിന്യത്തെ പടിക്കു പുറത്താക്കാൻ പെരിന്തൽമണ്ണ നഗരസഭയുടെ ഒരു മാസം നീളുന്ന കർമപദ്ധതി തുടങ്ങി. മാലിന്യമുക്ത നഗരം പദ്ധതിയുടെ ഭാഗമായാണ് പരിപാടികൾ. വാർഡുതലം മുതൽ നഗരസഭാതലംവരെ മാലിന്യമുക്തമാക്കുന്നതിനുള്ള ആലോചനാ യോഗം കഴിഞ്ഞ ദിവസം നടന്നു. ഇതിന്റെ തുടർച്ചയായി 3 ദിവസങ്ങളിലായി വാർഡുതല യോഗങ്ങളുമുണ്ടായി. വാർഡുതല ശുചീകരണവും വാർഡുതല പ്രഖ്യാപനങ്ങളും വാർഡു കൗൺസിലർമാരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. തുടർന്ന് വാർഡ് കൗൺസിലർ, എഡിഎസ്, വാർഡ് ശുചിത്വ ആരോഗ്യ പോഷണ കമ്മിറ്റി എന്നിവരുടെ നേതൃത്വത്തിൽ ഗൃഹസന്ദർശനവും തുണിസഞ്ചി വിതരണവുമുണ്ടായി. ഗാർഹികതല ശുചീകരണത്തിനു ശേഷം ശുചിത്വ ദീപം തെളിക്കും. നഗരസഭയിലെ മുഴുവൻ സ്ഥാപനങ്ങളും മാലിന്യമുക്തമാക്കുന്നതിനായി ഒരു ദിവസത്തെ സ്ഥാപനതല ശുചീകരണവും സംഘടിപ്പിക്കും.
ഇതോടൊപ്പം സർക്കാർ ഓഫിസുകൾ, വിദ്യാലയങ്ങൾ, അങ്കണവാടികൾ എന്നിവിടങ്ങളിലും ശുചീകരണമുണ്ട്. വ്യാപാരികളുടെ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് വ്യാപാര സ്ഥാപനങ്ങളിലെ ശുചീകരണം . ബസ് ഓണേഴ്സ് അസോസിയേഷൻ, ഓട്ടോ–ടാക്സി അസോസിയേഷൻ, തൊഴിലാളി സംഘടനകൾ, ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ ബസ് സ്റ്റാൻഡുകളും ഓട്ടോ–ടാക്സി കേന്ദ്രങ്ങളും ശുചീകരിക്കും. ടൗൺ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങൾ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരിക്കും.
പൊതു ഇടങ്ങളിൽ നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന ഏർപ്പെടുത്തും. നഗര സൗന്ദര്യത്തിനായി ബ്യൂട്ടി സ്പോട്ടുകളും വണ്ടർ പാർക്കുകളും സജ്ജമാക്കും. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾക്കെതിരെ പരിശോധന ശക്തമാക്കും. മാലിന്യമുക്ത നഗരം, ട്വിൻ ബിൻ, റിങ് കംപോസ്റ്റ് വിതരണം, എംസിഎഫ്, കരിയില സംഭരണി, പെൻബൂത്ത് വിതരണം എന്നിവ നടക്കും. ഹരിത ടൗൺ പ്രഖ്യാപനം നടത്തി അതിന്റെ തുടർച്ചയായി 28 ന് മാലിന്യമുക്ത നവകേരളത്തിനൊപ്പം എന്റെ നഗരം ശുചിത്വ നഗരം സുന്ദര നഗരം പ്രഖ്യാപനം നടക്കുമെന്ന് നഗരസഭാധ്യക്ഷൻ പി.ഷാജി, ക്ലീൻസിറ്റി മാനേജർ സി.കെ.വൽസൻ, സെക്രട്ടറി ജി.മിത്രൻ എന്നിവർ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
