
Perinthalmanna Radio
Date: 15-03-2025
അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ മാതൃശാലയുടെ ചുമരുകളിലെ നവീകരിച്ച ചിത്രങ്ങളുടെ നേത്രോൻമീലനം എന്ന മിഴിതുറക്കൽ ചടങ്ങ് നടന്നു. ക്ഷേത്രം തന്ത്രി പന്തലക്കോട്ടത്ത് നാരായണൻനമ്പൂതിരി ഭഗവതിയുടെ ചിത്രത്തിന്റെ മിഴിതുറക്കൽ ചടങ്ങ് നടത്തി ഉദ്ഘാടനം ചെയ്തു. തുടർന്ന് ചുമർചിത്രരചനയ്ക്ക് നേതൃത്വംനൽകിയ ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ എം. നളിൻ ബാബുവും കലാകാരൻമാരും മറ്റു ചിത്രങ്ങളുടെയും മിഴിതുറക്കൽ നിർവഹിച്ചു.
ഏകദേശം 50 വർഷം മുൻപ് ചുമർചിത്ര കലാചാര്യൻ മമ്മിയൂർ കൃഷ്ണൻകുട്ടി നായരുടെ നേതൃത്വത്തിലാണ് തിരുമാന്ധാംകുന്ന് ക്ഷേത്ര ഐതിഹ്യം ചുമരുകളിൽ നിറക്കൂട്ടുകളോടെ ചിത്രകഥകളാക്കി വരച്ചത്. ക്ഷേത്രപ്രതിഷ്ഠ നടത്തിയ രാജർഷി മാന്ധാതാവിന് മഹാദേവൻ ശിവലിംഗം നൽകിയതും തുടർന്ന് പാർവതിദേവിയുടെ ഭൂതഗണങ്ങൾ ശിവലിംഗം തിരിച്ചുവാങ്ങാനായി മാന്ധാതാവിന്റെ ശിഷ്യരുമായി ഏറ്റുമുട്ടിയതും അടക്കമുള്ള തിരുമാന്ധാംകുന്നിലമ്മയുടെ ഐതിഹ്യമാണ് മാതൃശാലയിലെ ചുമർചിത്രങ്ങളുടെ ഇതിവൃത്തം. പഴയ ചിത്രങ്ങൾക്ക് മാറ്റംവരുത്താതെ പ്രകൃതിദത്തമായ വർണങ്ങളിൽ പരമ്പരാഗത ശൈലിയിലും തനിമയിലുമാണ് രചന പൂർത്തിയാക്കിയത്.
2005-ൽ ചുമർചിത്ര കലാകാരൻ കെ.കെ. വാരിയരുടെ നേതൃത്വത്തിൽ ചിത്രങ്ങൾ നവീകരിച്ചിരുന്നു. ഇപ്പോഴത്തെ നവീകരണരചന നാലുമാസംകൊണ്ടാണ് പൂർത്തിയാക്കിയത്. എറണാകുളത്തെ എപ്പിനോക്‌സ് പ്രോംപ്റ്റ് കൺസൾട്ടിങ് എൻജിനിയേഴ്‌സ് എന്ന സ്ഥാപനമാണ് ചിത്രങ്ങൾ വഴിപാടായി സമർപ്പിച്ചത്.
ചിത്രരചനയ്ക്ക് നേതൃത്വംനൽകിയ എം. നളിൻ ബാബു, മറ്റു കലാകാരൻമാരായ സൂരജ് രാജൻ, സുദർശൻ, മോനിഷ് താഴത്തയിൽ, ശ്രീജിത്ത് സുഭാഷ്, അക്ഷയ് വേണുഗോപാൽ, എസ്. കാർത്തിക്, നിധിൻ എന്നിവരെ ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ എം. വേണുഗോപാൽ, അസി. മാനേജർ എ.എൻ. ശിവപ്രസാദ് എന്നിവരും ദേവസ്വം ജീവനക്കാരും ഉപഹാരംനൽകി ആദരിച്ചു. കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനംചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
