ആറുവരിപ്പാതയുടെ നിർമാണം ജില്ലയില്‍ അന്തിമഘട്ടത്തിലേക്ക്

Share to

Perinthalmanna Radio
Date: 18-03-2025

മലപ്പുറം: ആറു വരിപ്പാതയുടെ നിർമാണം ജില്ലയില്‍ അന്തിമ ഘട്ടത്തിലേക്ക്. സർവീസ് റോഡുകള്‍ ഒഴികെയുള്ള പാതയുടെ നിർമാണം ഈ മാസം 31-നു പൂർത്തിയാക്കുമെന്ന് ദേശീയപാതാ വിഭാഗം ലെയ്സണ്‍ ഓഫീസർ പി.പി.എം. അഷ്റഫ്  പറഞ്ഞു. കരാർ ഏറ്റെടുത്ത കെഎൻആർസിഎല്‍ അതിവേഗ ജോലികളിലാണ്.

ജില്ലയില്‍ ഇടിമുഴിക്കല്‍ മുതല്‍ കാപ്പിരിക്കാടുവരെയുള്ള 77 കിലോമീറ്ററില്‍ കുറച്ചുസ്ഥലങ്ങളിലൊഴികെ മറ്റെല്ലായിടത്തും പണിതീർന്ന പ്രധാന പാതയിലൂടെ വാഹനങ്ങള്‍ ഓടിത്തുടങ്ങി. കുറ്റിപ്പുറം റെയില്‍വേ ഓവർ ബ്രിഡ്ജ്, പോലീസ്സ്റ്റേഷൻ പരിസരം, അയങ്കലം ക്യാമ്ബ് പ്രദേശം, കൊളപ്പുറത്തിനും കക്കാടിനുമിടയില്‍ കൂരിയാട്ടെ കുറച്ചുഭാഗം എന്നിവിടങ്ങളില്‍ മാത്രമാണ് പ്രധാനപാത ഇനി തുറക്കാനുള്ളത്. ഇവിടങ്ങളില്‍ 93 ശതമാനം ജോലികള്‍ പൂർത്തിയായി.

പാലച്ചിറമാട്ടെ വയഡക്ടിന്റെ പകുതിയോളം ഗതാഗതത്തിനു തുറന്നു. വളാഞ്ചേരിയിലെ വയഡക്‌ട് ഒരാഴ്ചയ്ക്കുള്ളില്‍ ഗതാഗതത്തിനു സജ്ജമാകും. പാതയിലെ വൈദ്യുതിവിളക്കുകള്‍ ചാർജ് ചെയ്യുന്നതു സംബന്ധിച്ച നടപടിക്രമങ്ങളും നടക്കുന്നു. ഗതാഗതനിയമലംഘനങ്ങള്‍ കണ്ടെത്താൻ ഒന്നരക്കിലോമീറ്റർ ഇടവേളകളില്‍ സ്ഥാപിച്ച ക്യാമറകള്‍ സൗരോർജമുപയോഗിച്ച്‌ പ്രവർത്തിക്കുന്നതായതിനാല്‍ ഇതിന് വൈദ്യുതി ആവശ്യവുമില്ല.

പാതയില്‍ കഫേകള്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. പ്രധാനപാതയില്‍നിന്ന് പുറത്തേക്ക് വഴിയുള്ളിടത്തെ പുറമ്ബോക്കുകളില്‍ കഫേയ്ക്കും പാർക്കിങ് ഏരിയായ്ക്കുമുള്ള സൗകര്യങ്ങള്‍ പരിശോധിക്കുകയാണ്. ഇതിനായി ഇനി സ്ഥലമേറ്റെടുക്കില്ല. രണ്ട് റീച്ചുകളിലായി ജില്ലയില്‍ 103 ഇടങ്ങളിലാകും അകത്തേക്കും പുറത്തേക്കും (എൻട്രൻസും എക്സിറ്റും) കടക്കാനുള്ള വഴികള്‍. സർവീസ് റോഡുകളുടെ അവസാനവട്ട ജോലികളാണ് മാർച്ച്‌ 31-നുശേഷം ബാക്കിയാവുക.

പുത്തനത്താണി, കൊളപ്പുറം, താഴെച്ചേളാരി എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കൊഴിവാക്കാനുള്ള വികസനപ്രവർത്തനങ്ങള്‍ ഭൂമിയേറ്റെടുക്കുന്നമുറയ്ക്ക് നടക്കും. ഇതുപക്ഷേ, പ്രധാന പാതയിലെ ഗതാഗതത്തെ ബാധിക്കില്ല. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം സംബന്ധിച്ച്‌ ഇപ്പോള്‍ പറയാനാവില്ലെന്നും പി.പി.എം. അഷ്റഫ് പറഞ്ഞു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/Kw2z7JE7mRXJuiFDiLrY8H
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *