ചെമ്മാണിയോട് പാമ്പാളൻ കട്ടിങ്ങിൽ മേൽപ്പാലത്തിനായുള്ള  കാത്തിരിപ്പ് നീളുന്നു

Share to

Perinthalmanna Radio
Date: 20-03-2025

മേലാറ്റൂർ : ഷൊർണൂർ- നിലമ്പൂർ റെയിൽവേ ലൈനിലെ താഴെ ചെമ്മാണിയോട് പാമ്പാളൻ കട്ടിങ്ങിൽ മേൽപ്പാലത്തിനായുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. മേലാറ്റൂർ-കീഴാറ്റൂർ ഗ്രാമപ്പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഈ ഭാഗത്ത് മേൽപ്പാലം നിർമിക്കണമെന്നുള്ള ജനകീയ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. എന്നാൽ ഇന്നും അത് സ്വപ്നമായിത്തന്നെ അവശേഷിക്കുകയാണ്.

റെയിൽവേ ലൈനിന്റെ വൈദ്യുതീകരണവും ഡ്രൈനേജ് നിർമാണവുമെല്ലാം പൂർത്തിയായതോടെ പാളം മുറിച്ചുകടന്നുള്ള കാൽനടയാത്ര വലിയ വെല്ലുവിളിയാണിപ്പോൾ. ഇരുവശത്തും റോഡ് വന്നുനിൽക്കുന്നുണ്ടെങ്കിലും പാളവും ഡ്രൈനേജുമെല്ലാം ക്രോസ് ചെയ്യാൻ കഴിയാത്തതിനാൽ റോഡ് പൂർണതോതിൽ ഉപയോഗിക്കാനാവില്ല. സ്‌കൂൾ, കോളേജ് വിദ്യാർഥിളെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കുന്നത്. കീഴാറ്റൂർ ഭാഗത്തുനിന്ന് കേവലം ഒരു കിലോമീറ്റർ മാത്രമുള്ള ചെമ്മാണിയോട്ടേക്കും തിരിച്ചും യാത്രചെയ്യാൻ ജീവൻ പണയം വെച്ച് ഡ്രൈനേജുകളും പാളവും കാൽനടയായി മുറിച്ചുകടക്കേണ്ട ഗതികേടിലാണ് ജനം. അതല്ലെങ്കിൽ മേലാറ്റൂർ വഴി പത്തു കിലോമീറ്ററോളം ചുറ്റിവളഞ്ഞ് സഞ്ചരിക്കണം. മേൽപ്പാലത്തിനായുള്ള ജനകീയ ആവശ്യം പരിഗണിച്ച് വർഷങ്ങൾക്കുമുൻപ് റെയിൽവേ ഉദ്യോഗസ്ഥരും എംപിമാരുമെല്ലാം പലതവണ സ്ഥലം സന്ദർശിച്ചിരുന്നു. ഒടുവിൽ എസ്റ്റിമേറ്റും തയ്യാറാക്കിയിരുന്നു. ഒരു കോടിയിലധികം രൂപയാണ് അന്ന് കണക്കാക്കിയിരുന്നത്. പ്രസ്തുത തുക ഇരുപഞ്ചായത്തുകളും എടുക്കുകയാണെങ്കിൽ മേൽപ്പാലം നിർമിക്കാമെന്ന നിലപാടിലായിരുന്നു റെയിൽവേ. എന്നാൽ ഭീമായ തുകയായതിനാൽ ഇരുപഞ്ചായത്തുകളും പിന്നോട്ടുനിന്നതോടെ മേൽപ്പാലം സ്വപ്നമായി. പിന്നീട് തുടർനടപടികളൊന്നും ഉണ്ടാകാത്തതിനാൽ ജനങ്ങളിപ്പോഴും യാത്രാദുരിതത്തിലാണ്. ഷൊർണൂർ-നിലമ്പൂർ പാതയുടെ വികസനത്തിലുൾപ്പെടുത്തി ഇവിടെ മേൽപ്പലം നിർമിക്കാൻ നടപടിയുണ്ടാകണമെന്നാണ് ഇപ്പോഴുയരുന്ന ജനകീയ ആവശ്യം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *