പെരിന്തൽമണ്ണയിൽ സ്വർണ വ്യാപാരികൾ ആക്രമിക്കപ്പെടുന്നത് നാല് മാസത്തിനിടെ രണ്ടാം തവണ

Share to

Perinthalmanna Radio
Date: 20-03-2025

പെരിന്തൽമണ്ണ : ജൂവലറി അടച്ച് വീട്ടിലേക്കുപോകുന്നവർ ആക്രമിക്കപ്പെടുന്നത് നാലുമാസത്തിനിടെ രണ്ടാമത്തെത്തവണ. കഴിഞ്ഞ നവംബർ 21-നാണ് ഊട്ടി റോഡിൽ ജൂവലറി നടത്തുന്ന സഹോദരങ്ങളെ സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ കാറിലെത്തിയ സംഘം സ്കൂട്ടർ ഇടിച്ചിട്ടശേഷം മുഖത്ത് കുരുമുളക് സ്പ്രേചെയ്ത്‌ സ്വർണം കവർന്നത്. പട്ടാമ്പി റോഡിൽ ജൂബിലി ജങ്ഷന് സമീപത്ത് രാത്രി നടന്ന സംഭവത്തിൽ 3.272 കിലോ ഗ്രാം സ്വർണമാണ് കവർന്നത്.

സമാനരീതിയിൽ രാത്രി സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോഴാണ് ദർശൻ ജൂവലറി ഉടമ ചൊവ്വാഴ്ച മുളകുപൊടി എറിഞ്ഞുള്ള കവർച്ചാശ്രമത്തിനിരയായത്. എന്നാൽ ഇത്തവണ സ്വർണം ലോക്കറിൽ വെച്ചതിനാൽ നഷ്ടപ്പെട്ടില്ല. സ്കൂട്ടർ മാത്രമാണ് നഷ്ടപ്പെട്ടത്. ജൂവലറി ഉടമകൾ സ്വർണം കൈകാര്യംചെയ്യുന്ന രീതി കൃത്യമായി കവർച്ചക്കാർ നിരീക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണ് രണ്ട് സംഭവങ്ങളും.

പെരിന്തൽമണ്ണ ഊട്ടി റോഡിലെ കൂൾബാറിൽ ഒന്നരവർഷം മുൻപ്‌ വെള്ളംകുടിക്കാൻ കയറിയ മോഷ്ടാക്കൾ ജൂവലറിയിൽനിന്ന് ഉടമകൾ സ്വർണം സുരക്ഷയില്ലാതെ വീട്ടിലേക്ക് കൊണ്ടുപോകുന്നത് കാണാനിടയായിരുന്നു. നവംബറിൽ നടന്ന കവർച്ചയ്ക്ക് കാരണമായത് ഇതാണെന്ന് പിന്നീട് അന്വേഷണസംഘം കണ്ടെത്തി. പിന്നീട് മറ്റൊരു മോഷണക്കേസിൽ ജയിലിലായ പ്രതികൾ രണ്ട് മാസം മുൻപ്‌ ജയിലിൽ നിന്നിറങ്ങി പെരിന്തൽമണ്ണയിൽ വന്ന് ജൂവലറി ഉടമകൾ ഇപ്പോഴും ഇതേ രീതിയിൽ വീട്ടിലേക്ക് സ്വർണം കൊണ്ടുപോകാറുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്തു. തുടർന്നാണ് കവർച്ച നടത്തിയത്.

സ്വർണ വ്യാപാരികൾ മതിയായ സുരക്ഷയില്ലാതെ സ്വർണം കൊണ്ടുപോകുന്നത് അപകടം ക്ഷണിച്ചുവരുത്തലാണെന്നും ജാഗ്രത പുലർത്തണമെന്നും സി.ഐ. സുമേഷ് സുധാകരൻ നിർദ്ദേശംനൽകി. പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ പി.ടി.എസ്. മൂസ്സുവിന്റെ നേതൃത്വത്തിൽ ഭാരവാഹികൾ ചൊവ്വാഴ്ച മോഷണശ്രമം നടന്ന ജൂവലറി സന്ദർശിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നതിൽ അവർ ഉത്കണ്ഠ രേഖപ്പെടുത്തി. വ്യാപാരികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് അഭ്യർഥിക്കുകയും ചെയ്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *