മഅദിൻ പ്രാർഥനാസംഗമം; വിശ്വാസസാഗരം ഒഴുകിയെത്തി

Share to

Perinthalmanna Radio
Date: 28-03-2025

മലപ്പുറം: റമസാൻ 27–ാം രാവിൽ, ആയിരം മാസങ്ങളെക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദറിന്റെ പ്രാർഥനാപുണ്യം തേടി ആയിരക്കണക്കിനു വിശ്വാസികൾ മഅദിൻ സ്വലാത്ത് നഗറിൽ സംഗമിച്ചു. നാടിന്റെ നാനാഭാഗത്തു നിന്നെത്തിയ വിശ്വാസികളാൽ സ്വലാത്ത് നഗറും പരിസരവും നിറഞ്ഞുകവിഞ്ഞു. ആയിരങ്ങൾ പങ്കെടുത്ത ഗ്രാൻഡ് ഇഫ്താറോടെ ആരംഭിച്ച ചടങ്ങുകൾ പുലർച്ചെ നാലിനു പ്രത്യേക പ്രാർഥനയോടെയാണു സമാപിച്ചത്. സാമൂഹിക തിന്മയായ ലഹരിക്കെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന പ്രതിജ്ഞ ഏറ്റുചൊല്ലിയാണു വിശ്വാസികൾ പിരിഞ്ഞുപോയത്.

മഅദിൻ ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മഅദിനിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ തുടക്കം കൂടിയായിരുന്നു ഇത്. 27–ാം രാവും വെള്ളിയാഴ്ച രാവും ഒരുമിച്ചെത്തിയെന്ന പ്രത്യേകതയും ഇത്തവണയുണ്ടായിരുന്നു.

നമസ്കാരത്താൽ ധന്യമായ, പ്രാർഥനയാൽ മുഖരിതമായ സ്വലാത്ത് നഗറിൽ വിശ്വാസികളെ വരവേൽക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മുസ‌ല്യാരുടെ നേതൃത്വത്തിൽ, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് കാന്തപുരം എ.പി.അബൂബക്കർ മുസല്യാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത ഉപാധ്യക്ഷൻ അലി ബാഫഖി തങ്ങൾ പ്രാരംഭ പ്രാർഥന നിർവഹിച്ചു. മഅദിൻ അക്കാദമി ചെയർമാൻ സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി സമാപന പ്രാർഥനയ്ക്കു നേതൃത്വം നൽകി.

സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുൽ ഖാദിർ മുസല്യാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, എസ്എംഎ സംസ്ഥാന പ്രസിഡന്റ് കെ.കെ.അഹമദ് കുട്ടി മുസല്യാർ കട്ടിപ്പാറ, ഹജ് കമ്മിറ്റി ചെയർമാൻ ഹുസൈൻ സഖാഫി ചുള്ളിക്കോട്, എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എ.പി.അബ്ദുൽ ഹകീം അസ്ഹരി, എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീർ അഹ്ദൽ, കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാൻസ് സെക്രട്ടറി എ.പി.അബ്ദുൽ കരീം ഹാജി ചാലിയം തുടങ്ങിയവർ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *