പെരിന്തൽമണ്ണ നഗരസഭ ബജറ്റ്; വികസനവും പോരായ്‌മകളും ഇഴകീറി ചർച്ച

Share to

Perinthalmanna Radio
Date: 31-03-2025

പെരിന്തൽമണ്ണ : നഗരസഭ അടിസ്ഥാന വികസനം സാധ്യമാക്കുന്നതിൽ പരാജയമെന്ന് ബജറ്റ് ചർച്ച വേളയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി. ശ്രമിച്ചാൽ കിട്ടുമായിരുന്ന കേന്ദ്രവിഷ്കൃത വിഹിതം ഒന്നും നേടി എടുക്കാൻ ആയില്ല. നഗരസഭയായ ശേഷം ഉയർന്നുവന്ന വികസന വിഷയങ്ങൾ, വലക്കുന്ന യാത്രാ പ്രശ്‌നങ്ങൾ, കുടി വെള്ള പ്രശ്നം, ടൗണിലെ ഗതാഗത കുരുക്ക് പോലുള്ള വിഷയങ്ങൾ പ്രതിപക്ഷ അംഗങ്ങൾ ചർച്ചയിൽ വിശദീകരിച്ചു. കുടിവെള്ള വിതരണ രംഗത്ത് പതിറ്റാണ്ടുകളായി പെരിന്തൽമണ്ണ നിവാസികൾ അനുഭവിക്കുന്ന പ്രശ്നം പരിഹരിക്കപ്പെടാതെ കിടക്കുകയാണ്. റോഡുകളുടെ അവസ്ഥയും ശോചനീയമാണ്. നഗരത്തിൽ സ്ലാബുകൾ പൊട്ടിപ്പൊളിഞ്ഞ് അപകട അവസ്ഥയിലാണ്. പലയിടത്തും അഴുക്കു ചാലില്ലാതെ മഴ പെയ്‌താൽ വെള്ളം കടകളിലേക്ക് കയറുന്ന സ്ഥിതിയാണ്. ഒട്ടേറെ ജനങ്ങൾ വന്നു പോവുന്ന നഗരത്തിൽ വാഹനങ്ങൾ നിർത്താനോ ഉള്ള റോഡിലൂടെ കാൽനട യാത്രക്കാർക്ക് സൗകര്യ പ്രദമായി നടന്നു പോവാനോ കഴിയുന്നില്ല.

മുൻ ഭരണസമിതി തുടങ്ങി വെച്ച പല പദ്ധതികളും ഇപ്പോഴും മുടങ്ങി പാതി വഴിയിൽ ആണ്. ഇൻഡോർ മാർക്കറ്റ്, ടൗൺ ഹാൾ നിർമാണം, ആയുർവേദ ആശുപത്രി നിർമാണം എന്നിവ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇവയെല്ലാം ഇനി എന്ന് പൂർത്തിയാവും എന്ന് ഇപ്പോഴും ധാരണയില്ല.

ടൗണിലെ യാത്ര ഗതാഗത പ്രശ്‌നങ്ങൾക്ക് ഏതെങ്കിലും അടിസ്ഥാനത്തിൽ പരിഹാരം വേണമെന്ന് നഗരസഭക്ക് തോന്നിയിട്ടുമില്ല. വർഷത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങൾക്കും ലഭിക്കുന്നത് പോലെ വാർഷിക വിഹിതമല്ലാതെ കേന്ദ്രാ വിഷ്‌കൃത ഫണ്ടോ പദ്ധതികളോ നേടിയെടുക്കുന്നതിൽ നഗരസഭ തികഞ്ഞ പരാജയമാണെന്നും പ്രതിപക്ഷ അംഗങ്ങൾ ചൂണ്ടിക്കാട്ടി.

അതേ സമയം, അമൃത് പദ്ധതി അടക്കം യാഥാർഥ്യ മാവുന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം ഉണ്ടാവുമെന്നും രാമൻചാടി കുടിവെള്ള പദ്ധതി പൂർത്തിയാവുകയാണെന്നും ഭരണപക്ഷം ചൂണ്ടിക്കാട്ടി. നിലവിൽ വാർഷിക ബജറ്റിൽ സർവ മേഖലകളെയും പരാമർശിച്ചാണ് പദ്ധതികൾ തയ്യാറാക്കിയത്. പോരായ്മ‌കൾ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ കൂടി ചേർത്ത് ബജറ്റ് കുറ്റമറ്റതാക്കാമെന്നും ഭരണസമിതി അംഗങ്ങൾ ചർച്ചയിൽ വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളായ പച്ചീരി ഫാറൂഖ്, പത്തത്ത് ജാഫർ, മുഹമ്മദ് സുനിൽ, സലീം, റിയാസ് എന്നിവരും ഭരണ പക്ഷക്ഷത്ത് നിന്നും ചെയർമാൻ പി.ഷാജി, ഉപാധ്യക്ഷ എ.നസീറ, കെ. ഉണ്ണി കൃഷണൻ, കെ.സുബ്രഹ്മണ്യൻ, കെ. സി ഷാഹുൽ, മൻസൂർ നെച്ചിയിൽ, ഹനീഫ മുണ്ടുമ്മൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *