
Perinthalmanna Radio
Date: 02-04-2025
അങ്ങാടിപ്പുറം : വള്ളുവനാട്ടിലെ പൂരങ്ങളുടെ പൂരത്തിന് വ്യാഴാഴ്ച പുറപ്പാട്. ഇനി പതിനൊന്നു ദിവസം അങ്ങാടിപ്പുറത്ത് ഉത്സവത്തിന്റെ ആരവമുയരും. പുറപ്പാടു ദിവസം രാവിലെ നാലു മുതൽ ദർശന സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
രാവിലെ പത്തിന് ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. എട്ടിന് നങ്ങ്യാർകൂത്തോടെ പൂരച്ചടങ്ങുകൾ തുടങ്ങും. തുടർന്ന് കൂത്തുപുറപ്പാട്. മാതൃശാലയിൽ പ്രത്യേക പുറപ്പാട് പൂജയ്ക്കുശേഷം ഭഗവതിയുടെ പഞ്ചലോഹ വിഗ്രഹത്തിടമ്പ് കോലത്തിൽവെച്ച് പുറത്തേക്ക് ആനയിക്കും.
വാദ്യമേളങ്ങളോടെ ഭഗവതിയുടെ ആദ്യ ആറാട്ടിനായി പൂരം കൊട്ടിപ്പുറപ്പെടും. രാവിലെയും രാത്രിയുമുള്ള ആറാട്ടെഴുന്നള്ളിപ്പുകളാണ് പൂരത്തിന്റെ പ്രധാന ചടങ്ങ്. ഭഗവതിക്ക് 21 ആറാട്ടുകളും മഹാദേവന് ഒരു ആറാട്ടുമുണ്ട്. ആറാട്ടിനുശേഷം 11-ന് കൊട്ടിക്കയറ്റം. കല്ലൂർ ഉണ്ണിക്കൃഷ്ണന്റെ പ്രമാണത്തിൽ പഞ്ചാരി മേളത്തിനു ശേഷം തിടമ്പ് മാതൃശാലയിലേക്ക് തിരിച്ചെഴുന്നള്ളിക്കും. തുടർന്നുള്ള ദിവസങ്ങളിൽ ഓട്ടൻതുള്ളൽ, തായമ്പക, നൃത്തനൃത്യങ്ങൾ തുടങ്ങിയ കലാ പരിപാടികളുണ്ടാകും.
പൂരത്തിനു മുന്നോടിയായി എട്ടുദിവസം നീണ്ട ദ്രവ്യകലശം ചൊവ്വാഴ്ച ശ്രീഭൂതബലിയോടെ സമാപിച്ചു. ഹരിത പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് പൂരാഘോഷം.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
