മോഡൽ പരീക്ഷയിൽ മിനിമം മാർക്കില്ലെങ്കിൽ ഇനി എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല; പുതിയ നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്

Share to

Perinthalmanna Radio
Date: 26-04-2025

മോഡൽ പരിക്ഷയിൽ മിനിമം മാർക്ക് നേടാത്തവർക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാനാവില്ല. പൊതുവിദ്യാലയങ്ങളിലെ ഗുണമേൻമ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായാണിത്. 2026-27 അധ്യയന വർഷം മുതലാണ് ഇത് നടപ്പാക്കുക.

മോഡൽ പരീക്ഷയിൽ ഓരോ വിഷയത്തിനും 30 ശതമാനം മാർക്ക് നേടാത്തവർക്ക് എസ്. എസ് എൽ.സി വാർഷിക പരീക്ഷ എഴുതാനാവില്ല. വിഷയങ്ങൾക്ക് മിനിമം മാർക്ക് നേടാത്തവർക്ക് പ്രത്യേക പിന്തുണാക്ലാസുകൾ നൽകണം. തുടർന്ന് നടക്കുന്ന സപ്ലിമെൻ്ററി ക്ഷയിൽ മിനിമം മാർക്ക് നേടേണ്ടതുണ്ട്.

നിലവിൽ വിദ്യാർഥികൾ മോഡൽ പരീക്ഷയെ ലാഘവത്തോടെയാണ് സമീപിക്കാറുള്ളത്. പുതിയ രീതിയനുസരിച്ച് നേരത്തെ തന്നെ തയാറെടുപ്പുകൾ നടത്താൻ വിദ്യാർഥികളും അധ്യാപകരും നിർബന്ധിതരാകും.

നിലവിൽ പത്താം ക്ലാസിലെ വിഷയങ്ങൾ ഡിസംബർ മാസത്തോടെ പൂർത്തിയാക്കി മോഡൽ പരീക്ഷ വരെ വിവിധ പ്രീ മോഡൽ – സീരീസ് പരീക്ഷകൾ നടത്തുന്ന പതിവാണ് സ്കൂളുകളിൽ ഉള്ളത്. മിനിമം മാർക്ക് പരിക്ഷക്ക് നിർബന്ധമാകുമ്പോൾ ഈ ഷെഡ്യൂൾ കുറച്ചുകൂടി നേരത്തെയാക്കേണ്ടിവരുമെന്നാണ് അധ്യാപകർ പറയുന്നത്. വാർഷിക പരീക്ഷയ്ക്ക് മുമ്പ് പിന്തുണ ആവശ്യം വരുന്ന കുട്ടികളെ പ്രാപ്ത‌രാക്കുന്നതിന് ക്ലാസുകളും പരീക്ഷയും ഇതിനിടയിൽ ആവശ്യമായി വരുന്നത് കൊണ്ടാണിത്.

മോഡൽ പരീക്ഷയുടെ മാതൃകയിൽ എസ്.എസ്.എൽ.സി വാർഷിക പരീക്ഷയിലും മിനിമം മാർക്ക് നടപ്പാക്കും. നിലവിൽ നിരന്തര മൂല്യനിർണയത്തിൻ്റെ മാർക്ക് കൂടി ചേർത്താണ് മിക്ക കുട്ടികളും മിനിമം മാർക്ക് നേടുന്നത്. അതിനാൽ വിജയശതമാനം വർധിക്കുമെന്നല്ലാതെ ഗുണനിലവാരം ഉയരുന്നില്ല എന്ന കണ്ടെത്താലാണ് പുതിയ നീക്കത്തിന് കാരണം.

ഈ വർഷം എട്ടാം ക്ലാസിൽ മിനിമം മാർക്ക് പദ്ധതി വിജയകരമായി പൂർത്തിയാവുകയാണ്. 26,27 തിയതികളിൽ പിന്തുണാ ക്ലാസ് ലഭിച്ച കുട്ടികൾക്ക് പരീക്ഷ നടക്കും. അതിൽ മിനിമം മാർക്ക് നേടിയവർക്കാണ് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത്. അടുത്ത അധ്യയന വർഷം മുതൽ ഈ പദ്ധതി അഞ്ച് മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലും നടപ്പാക്കും. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-    പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *