
Perinthalmanna Radio
Date: 30-05-2025
പെരിന്തൽമണ്ണ: ബംഗാൾ തീരത്തിനു സമീപം തീവ്രന്യൂനമർദം അതിതീവ്ര ന്യൂനമർദമായതോടെ കേരളത്തിൽ കനത്ത മഴ. കാലവർഷത്തിന്റെ ഭാഗമായി അടുത്ത 4 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിനു മുകളിൽ തുടരും. കേരളത്തിൽ വരും ദിവസങ്ങളിലും വ്യാപക മഴയ്ക്കു സാധ്യതയുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടില്ലാത്ത ജില്ലകളിലെല്ലാം ഇന്ന് ഓറഞ്ച് അലർട്ടാണ്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനു വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതിതീവ്ര മഴയ്ക്കു സാധ്യതയുള്ളതിനാൽ ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർമാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. പലയിടത്തും ട്രാക്കിൽ മരം വീണതോടെ ട്രെയിനുകൾ വൈകിയോടുകയാണ്.
ശക്തമായ മഴയില്‍ കുന്നപ്പള്ളിയില്‍ താമസിക്കുന്ന മിൻപിടി അബ്ദുള്‍ അസീസിന്റെ വീടിന്റെ മുകളിലേക്ക് ഭീമൻ പുളിമരം കടപുഴകി വീണു. റോഡ് സൈഡില്‍ നിന്നാണ് മരം കടപുഴകി വീണത്. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തല്‍മണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ ഏറെ നേരത്തെ പരിശ്രമത്തിന് ഒടുവില്‍ കടപുഴകി വീണ മരം മുറിച്ചു നീക്കി
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
