പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് നാളെ

Share to



Perinthalmanna Radio
Date: 01-06-2025

പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്മെന്റ് തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. ചൊവ്വാഴ്ച 10-നും വ്യാഴാഴ്ച വൈകീട്ട് അഞ്ചിനും മധ്യേ സ്കൂളിൽ ചേരാം. ഹയർസെക്കൻഡറി വകുപ്പിന്റെ പ്രവേശന വെബ്സൈറ്റിലെ കാൻഡിഡേറ്റ് ലോഗിൻ പരിശോധിച്ച് അലോട്മെന്റ് നിലയറിയാം.

ബന്ധപ്പെട്ട ബോർഡിൽ നിന്നു യോഗ്യതാ സർട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കിൽ ഡിജിലോക്കർ അല്ലെങ്കിൽ ഔദ്യോഗിക വെബ് സൈറ്റിൽനിന്നുള്ള സ്വയംസാക്ഷ്യപ്പെടുത്തിയ പകർപ്പ് സ്വീകരിക്കും. പിന്നീട് അസൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം. പ്രവേശന സമയത്ത് വിടുതൽ, സ്വഭാവ സർട്ടിഫിക്കറ്റുകൾ നിർബന്ധമാണ്.

പ്രവേശനത്തിന്റെ മുഖ്യഘട്ടത്തിൽ മൂന്ന് അലോട്മെന്റുകളാണുള്ളത്. ആദ്യ അലോട്മെന്റ് പ്രകാരമുള്ള പ്രവേശനം വ്യാഴാഴ്ച പൂർത്തിയായശേഷം ജൂൺ 10-ന് രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിക്കും. 16-ന് മൂന്നാം അലോട്മെന്റും. 18-ന് ക്ലാസ് തുടങ്ങും

സപ്ലിമെന്ററി അലോട്മെന്റാണ് പിന്നീട്. ആദ്യ മൂന്ന് അലോട്മെന്റുകളിലും ഉൾപ്പെടാത്തവർ സപ്ലിമെന്ററി അലോട്മെന്റിനായി പുതിയ ഓപ്ഷനുകൾ ചേർത്ത് അപേക്ഷ പുതുക്കണം. ജൂൺ 28 മുതൽ ജൂലായ് 23 വരെയാണ് സപ്ലിമെന്ററി അലോട്മെന്റ്.

ആദ്യ ഓപ്ഷനിൽതന്നെ അലോട്മെന്റ് ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരം പ്രവേശനം നേടണം. അല്ലാത്തവർക്ക് ഉയർന്ന ഓപ്ഷനുകൾ ഒഴിവാക്കി സ്ഥിരം പ്രവേശനം നേടാം. അല്ലെങ്കിൽ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി താത്കാലിക പ്രവേശനത്തിന് അവസരമുണ്ട്. ഇതിന് ഫീസ് അടയ്ക്കേണ്ടതില്ല. അടുത്ത അലോട്മെന്റിലും ആദ്യ ഓപ്ഷൻ കിട്ടിയില്ലെങ്കിൽ താത്കാലിക പ്രവേശനമാകാം. ഇതിനായി ആദ്യംചേർന്ന സ്കൂളിൽനിന്ന് സർട്ടിഫിക്കറ്റുകൾ വാങ്ങുന്നതിന് തടസ്സമില്ല. എന്നാൽ, മൂന്നാമത്തെ അലോട്മെന്റിൽ സ്ഥിരം പ്രവേശനം നിർബന്ധമാണ്

സാമുദായിക സംവരണം പരിശോധിക്കുന്നതിന് എസ്എസ്എൽസി ബുക്കിലെ സമുദായവിവരങ്ങൾ മതിയാകും. എസ്എസ്എൽസി ബുക്കിൽനിന്നു വിഭിന്നമായ സമുദായമാണ് സംവരണ വിഭാഗക്കാർ അപേക്ഷയിൽ നൽകിയിട്ടുള്ളതെങ്കിൽ റവന്യൂ വകുപ്പിൽനിന്നുള്ള ജാതി സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

എസ്സി, എസ്ടി, ഒഇസി വിദ്യാർഥികൾ റവന്യൂ അധികൃതർ നൽകിയിട്ടുള്ള ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. ഇഡബ്ലിയുഎസ് ആനുകൂല്യത്തിനും വില്ലേജോഫീസറുടെ സർട്ടിഫിക്കറ്റ് വേണം.

സ്ഥിര മേൽവിലാസം ഉൾപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും താലൂക്കിന്റെയും പേരിൽ ബോണസ് പോയിന്റുകൾ ലഭിക്കുന്നതിന് എസ്എസ്എൽസി ബുക്കിൽ ഈ വിവരങ്ങളുണ്ടെങ്കിൽ മറ്റു സർട്ടിഫിക്കറ്റുകൾ ആവശ്യമില്ല. അല്ലാത്തവർ റേഷൻകാർഡോ നേറ്റിവിറ്റി സർട്ടിഫിക്കറ്റോ ഹാജരാക്കണം.
———————————————
®Perinth

Share to

Leave a Reply

Your email address will not be published. Required fields are marked *