
Perinthalmanna Radio
Date: 09-06-2025
ബേപ്പൂർ: കേരള സമുദ്രാതിർത്തിയിൽ ചരക്കുകപ്പലിന് തീപ്പിടിച്ചു. കൊളംബോയിൽനിന്ന് മുംബൈയിലേക്ക് പോകുന്ന ചരക്കുകപ്പലിനാണ് തീപ്പിടിച്ചത്. ബേപ്പൂർ-അഴീക്കൽ തുറമുഖങ്ങളുടെ പടിഞ്ഞാറുഭാഗത്തായി 85 കിലോമീറ്ററോളം ഉൾക്കടലിലാണ് സംഭവം. സിംഗപ്പുർ പതാക വഹിക്കുന്ന വാൻ ഹായ് 503 എന്ന ചൈനീസ് കപ്പലാണ് അപകടത്തിൽപ്പെട്ടത്.
22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുന്നു. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കപ്പലിൽ പൊട്ടിത്തെറികൾ ഉണ്ടായതായും വിവരമുണ്ട്.
ബേപ്പൂരിൽ നിന്ന് 72 നോട്ടിക്കൽ മൈൽ ദൂരെയാണ് കപ്പലുള്ളതെന്നാണ് കോസ്റ്റ് ഗാർഡിൽ നിന്ന് ലഭിക്കുന്ന വിവരം. അതേസമയം അഴീക്കലുമായി അടുത്ത് കിടക്കുന്ന പ്രദേശത്താണ് അപകടം നടന്നിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് കപ്പൽ കൊളംബോയിൽ നിന്ന് പുറപ്പെട്ടത്.
നാവിക സേനയുടെ ഐഎൻഎസ് സൂറത്ത് എന്ന കപ്പലിനെ രക്ഷാപ്രവർത്തനത്തിനായി അയച്ചിട്ടുണ്ട്. രാവിലെ 10 മണിക്കാണ് കപ്പൽ അപകടത്തിൽ പെട്ട വിവരം ലഭിക്കുന്നത്. അപ്പോൾ തന്നെ രക്ഷാപ്രവർത്തനത്തിനായി കപ്പലിനെ അയച്ചു. ഈ കപ്പൽ ഉടൻ തന്നെ തീപിടിച്ച കപ്പലിന് സമീപത്തെത്തും. കോസ്റ്റ് ഗാർഡിൻ്റെ ഡ്രോണിയർ വിമാനം നിരീക്ഷണത്തിനായി സ്ഥലത്തെത്തി.
50 കണ്ടെയ്നറുകൾ വെള്ളത്തിൽ പതിച്ചതായാണ് വിവരം. 650-ഓളം കണ്ടെയ്നറുകൾ കപ്പലിൽ ഉണ്ടായിരുന്നു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് നിർദേശിച്ചിട്ടുണ്ട്.
——————————————–
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
