
Perinthalmanna Radio
Date: 11-06-2025
കരിപ്പൂർ: ഗൾഫ്നാടുകളിലെ വിദ്യാലയങ്ങളുടെ വേനലവധി ലക്ഷ്യമിട്ടു വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി. ഗൾഫ് നാടുകളിൽനിന്നു നാട്ടിലേക്കുള്ള നിരക്കാണ് ഇരട്ടിയാക്കിയത്.
കുടുംബത്തോടെ നാട്ടിലേക്കു മടങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് വർധന.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണു മിക്ക ഗൾഫ് നാടുകളിലും വിദ്യാലയങ്ങൾക്ക് അവധിയുള്ളത്. യുഎഇയിലും സൗദിയിലും ഈ മാസം അവസാനത്തോടെ വിദ്യാലയങ്ങൾ അടയ്ക്കും. ഖത്തറിൽ ജൂലൈ ഒന്നു മുതൽ ഓഗസ്റ്റ് 20 വരെയാണ് അവധി. മറ്റു ഗൾഫ് നാടുകളിലും ദിവസങ്ങളുടെ വ്യത്യാസങ്ങൾ മാത്രം. പ്രവാസികൾ കുടുംബത്തോടെ നാട്ടിലേക്കു മടങ്ങുമെന്നതിനാൽ ഈമാസം മുതൽ തന്നെ നിരക്കു വർധിപ്പിച്ചിട്ടുണ്ട്.
ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽനിന്ന് മിക്ക ദിവസങ്ങളിലും നാട്ടിലേക്കുള്ള നിരക്ക് കൂടുതലാണ്. 30,000 രൂപ മുതൽ ഒരു ലക്ഷം രൂപയുടെ മുകളിൽ വരെ നിരക്കു കാണിക്കുന്ന ദിവസങ്ങളുണ്ട്. എന്നാൽ, പകുതി തുകയുണ്ടെങ്കിൽ കോഴിക്കോട്ടുനിന്ന് ജിദ്ദയിലേക്കും റിയാദിലേക്കും ടിക്കറ്റെടുക്കാം.
കോഴിക്കോട്ടുനിന്ന് അടുത്തയാഴ്ച മുതൽ ദോഹയിലേക്ക് 9264 രൂപ മുതൽ ടിക്കറ്റ് ലഭിക്കാനുണ്ട്. 10,000 രൂപയുടെ മുകളിലേക്കു നിരക്കു പോകുന്ന ദിവസങ്ങളും കുറവാണ്.
എന്നാൽ, ദോഹയിൽനിന്നു കോഴിക്കോട്ടേക്ക് ഈ മാസം മുതൽ നിരക്കു കുത്തനെ കൂട്ടി. 32,000 രൂപ മുതൽ 53,000 രൂപ വരെ ടിക്കറ്റിനു നൽകണം.
ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്ക് ഈ മാസം 25 മുതൽ 27,000 മുതൽ 45,000 രൂപ വരെയാണ് നിരക്കു കാണിക്കുന്നത്. ഈ നിരക്കുള്ള ദിവസങ്ങളിൽ കോഴിക്കോട്ടുനിന്നു ബഹ്റൈനിലേക്കുള്ള ടിക്കറ്റ് നിരക്ക് പകുതിയാണ്.
ദുബായിലേക്ക് 6378 രൂപ മുതൽ ടിക്കറ്റ് കിട്ടാനുണ്ട്. നാട്ടിലേക്കുമടങ്ങാൻ കയ്യിൽ ഇരട്ടിത്തുക വേണം.
കോഴിക്കോട് കേന്ദ്രീകരിച്ചു മാത്രമല്ല, കേരളത്തിലെ മറ്റു വിമാനത്താവളങ്ങൾ വഴിയുള്ള യാത്രാനിരക്കും സമാന സ്ഥിതിയിലാണ്. സീസൺ സമയങ്ങളിൽ വിമാനക്കമ്പനികൾ നിരക്കു വർധിപ്പിക്കുന്ന രീതി നേരത്തേയുണ്ട്.
ഇതു പ്രവാസി കുടുംബങ്ങൾക്ക് വലിയ ബാധ്യതയാകുമെന്ന ആക്ഷേപം നിലനിൽക്കുന്നുണ്ടെങ്കിലും നിരക്കുവർധന തടയാൻ നടപടികളൊന്നുമില്ല.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
