ഇന്ന് മുതൽ അതിതീവ്ര മഴ; രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്

Share to


Perinthalmanna Radio
Date: 14-06-2025

കേരളത്തിൽ അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ മാസം 17 വരെ സംസ്ഥാനത്ത് തീവ്രമഴയെന്നാണ് മുന്നറിയിപ്പുള്ളത്. മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസങ്ങളിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

തീവ്രമഴയ്‌ക്കുള്ള സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂരും കാസർകോടും റെഡ് അലർട്ടാണുള്ളത്. തീവ്രമഴക്കുള്ള സാധ്യതയുള്ളതിനാൽ ഈ ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, കോട്ടയം എറണാകുളം തൃശൂർ, പാലക്കാട് മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ടും നൽകിയിട്ടുണ്ട്.വടക്കൻ കർണാടക, അതിനോട് ചേർന്ന തെലുങ്കാന – റായലസീമയ്‌ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുകയാണ്. കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ മണിക്കൂറിൽ പരമാവധി 50 – 60 കി.മീ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. നാളെ അഞ്ചു ജില്ലകളിൽ റെഡ് അലർട്ടും ഒൻപതു ജില്ലകളിൽ ഓറ‍ഞ്ച് അലർട്ടുമാണ്. വരുന്ന ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് വ്യാപകമായ മഴ ഉണ്ടാവും.

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മുതൽ ചൊവ്വാഴ്ച വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെയും ചില അവസരങ്ങളിൽ 60 കി.മീ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യത.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *