
Perinthalmanna Radio
Date: 16-06-2025
മലപ്പുറം : പ്ലസ് വൺ ഏകജാലക പ്രവേശനത്തിലെ മുഖ്യ അലോട്മെന്റിലെ അവസാന അലോട്മെന്റിൽ ജില്ലയിൽ 20,342 പേർക്കുകൂടി ഇടംകിട്ടി. ആകെയുള്ള 57,511 സീറ്റുകളിൽ വിവിധ സംവരണ വിഭാഗങ്ങളിലായി 95 സീറ്റുകളാണ് ഇനി ബാക്കിയുള്ളത്.
കൂടാതെ സ്പോർട്സ് ക്വോട്ടയിലെ 213 സീറ്റുകളും മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ 12 സീറ്റുകൾ ഒഴിഞ്ഞുകിടപ്പാണ്. ഇതുവരെ ജില്ലയിലെ 57,416 പേർക്ക് അലോട്മെന്റ് ലഭിച്ചു. 82,498 പേരാണ് ഏകജാലക പ്രവേശനത്തിന് അപേക്ഷിച്ചിരുന്നത്. ഇതിൽ 25,082 പേർ പ്രവേശനം ലഭിക്കാതെ പുറത്തായി. ഇവർക്കു സ്പോർട്സ്, കമ്യൂണിറ്റി, മാനേജ്മെന്റ് ക്വോട്ടകളിൽ ഏതിലേതിലെങ്കിലും പ്രവേശനം ലഭിച്ചിട്ടില്ലെങ്കിൽ ഇനി ഒഴിവു വരുന്ന സീറ്റുകളിലേക്കുള്ള സപ്ലിമെന്ററി അലോട്മെന്റിന് അപേക്ഷിക്കണം.
അലോട്മെന്റ് ലഭിച്ചവർ നിർബന്ധമായും സ്ഥിരപ്രവേശനം നേടണം. അലോട്മെന്റ് ലഭിക്കാത്തവർ സപ്ലിമെന്ററി അലോട്മെന്റിൽ അപേക്ഷ പുതുക്കുകയോ, ഇതുവരെ അപേക്ഷിക്കാത്തവരാണെങ്കിൽ പുതിയ അപേക്ഷ നൽകുകയോ വേണം. മൂന്നാം അലോട്മെന്റിൽ 13,223 പേർക്ക് ഉയർന്ന ഓപ്ഷൻ ലഭ്യമായി. അലോട്മെന്റ് ലഭിച്ചവർ ഇന്നോ, നാളെയോ ആയി പ്രവേശനം നേടണം. പ്ലസ് വൺ ക്ലാസുകൾ 18ന് ആരംഭിക്കും. സ്പോർട്സ് ക്വോട്ടയിൽ 1,410 സീറ്റുകളിൽ 1,197 പേർക്കാണ് ഇതുവരെ അലോട്മെന്റ് ലഭിച്ചത്. ഇതിൽ പ്രവേശനം നേടാത്തവരുണ്ടെങ്കിലും ആ ഒഴിവിലേക്കും നിലവിലെ ഒഴിവുള്ള 213 സീറ്റുകളിലേക്കുമായിരിക്കും സ്പോർട്സ് ക്വോട്ട സപ്ലിമെന്ററി അലോട്മെന്റ് നടക്കുക.
………………………………………..
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
