അങ്ങാടിപ്പുറം വഴിയുള്ള സ്വകാര്യ ബസുകളുടെ പണിമുടക്ക് ഇന്നു മുതൽ

Share to


Perinthalmanna Radio
Date: 26-06-2025

പെരിന്തൽമണ്ണ : അങ്ങാടിപ്പുറം വഴി കടന്നു പോകുന്ന സ്വകാര്യ ബസുകൾ ഇന്നു മുതൽ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്‌ക്കും. കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരം കാണണമെന്നും മേൽപാലത്തിനു സമീപത്തെ കുഴികൾ അടച്ചു റോഡ് ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടാണു പണിമുടക്ക്.

കോഴിക്കോട്–പാലക്കാട് ദീർഘദൂര ബസുകൾ ഉൾപ്പെടെ മുഴുവൻ ബസുകളും പണിമുടക്കുന്നുണ്ട്. ജില്ലാ ബസ് തൊഴിലാളി യൂണിയന്റെ (സിഐടിയു) നേതൃത്വത്തിലാണ് പണിമുടക്ക്. മേൽപാലത്തിനു സമീപം റോഡ് തകർന്നതു മൂലം മുൻപെങ്ങുമില്ലാത്ത വിധം രൂക്ഷമായ ഗതാഗതക്കുരുക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അങ്ങാടിപ്പുറത്തെ കുരുക്ക് ദേശീയപാതയെ പൂർണമായിതന്നെ കുരുക്കിലാക്കുന്ന സ്ഥിതിയാണ്. ബസുടമ സംഘവും തൊഴിലാളികളുടെ സമരത്തിനു പൂർണ പിന്തുണ നൽകുന്നുണ്ട്. അതേസമയം, ഇന്നു വൈകിട്ടു നാലിനു കലക്‌ടർ ബസുടമകളെയും തൊഴിലാളി പ്രതിനിധികളെയും ചർച്ചയ്‌ക്കു വിളിച്ചിട്ടുണ്ട്.

മേൽപാലം പരിസരത്തെ കുണ്ടും കുഴിയുമുള്ള ഭാഗത്തു കട്ട പതിക്കുന്നതിനു മാസങ്ങൾക്കു മുൻപ് അനുമതിയായതാണ്. ടെൻഡർ നടപടികളും പൂർത്തിയായിട്ട് ഏറെ നാളായി. മഴ ശക്തമാകുന്നതു വരെയും പ്രവൃത്തി ആരംഭിക്കാൻ സാധിക്കാതിരുന്നതിനു കാരണം ബന്ധപ്പെട്ട അധികൃതരുടെ അലംഭാവമാണെന്നാണ് ആക്ഷേപം. ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നതല്ലാതെ കുരുക്കഴിക്കാൻ കാര്യക്ഷമമായ ഒരു നടപടിയും ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *