അങ്ങാടിപ്പുറം മേൽപാലം അടച്ചതോടെ ബസുകൾക്ക് പ്രത്യേക ക്രമീകരണം

Share to



Perinthalmanna Radio
Date: 30-06-2025

പെരിന്തൽമണ്ണ : കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ അങ്ങാടിപ്പുറം റെയിൽവേ മേൽപാലം ഒരാഴ്‌ചത്തേക്ക് അടച്ചതോടെ ബസുകൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തി. മേൽപാലം പരിസരത്ത് റോഡ് തകർന്ന ഭാഗത്തു പൂട്ടുകട്ട വിരിച്ചു നവീകരണത്തിനായാണ് ഇതുവഴി ഗതാഗതം നിരോധിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെയാണു പാലം അടച്ചിട്ടത്. അതിനു ശേഷം ഇതുവഴി എത്തിയ ഒട്ടേറെ വാഹനങ്ങൾ മടങ്ങേണ്ടിവന്നു. റോഡിന്റെ പ്രവൃത്തി ഇന്നലെ മുതൽ തന്നെ തുടങ്ങിയിട്ടുണ്ട്. 70 മീറ്ററോളം വരുന്ന, പാലത്തോടു ചേർന്ന ഭാഗത്താണു കട്ട പതിക്കുന്നത്.

കട്ട പതിച്ച്, വശങ്ങളിൽ കോൺക്രീറ്റ് ബീമുകൾ സ്ഥാപിച്ചു ബലപ്പെടുത്തും. ഇന്നലെ സ്വകാര്യ ബസുകൾ മേൽപാലത്തിന്റെ ഇരുവശത്തുമായി സർവീസ് നടത്തി. വളാഞ്ചേരി, കോട്ടയ്ക്കൽ, മഞ്ചേരി, മലപ്പുറം ഭാഗത്തുനിന്നുള്ള ബസുകൾ അങ്ങാടിപ്പുറത്തു യാത്ര അവസാനിപ്പിച്ചു. അതേസമയം, പെരിന്തൽമണ്ണയിലെത്തി മറ്റു ഭാഗങ്ങളിലേക്കു പോകേണ്ട, വളാഞ്ചേരിയിൽനിന്നുള്ള ചില ബസുകൾ പുലാമന്തോൾ വഴി പെരിന്തൽമണ്ണയിലെത്തി. മലപ്പുറം, മഞ്ചേരി ഭാഗത്തു നിന്നുള്ള, പെരിന്തൽമണ്ണയിലെത്തി മറ്റു മേഖലകളിലേക്കു സർവീസ് നടത്തേണ്ട സ്വകാര്യ ബസുകൾ ഓരാടംപാലം–വലമ്പൂർ–പട്ടിക്കാട് വഴി പെരിന്തൽമണ്ണയിലെത്തി.

എന്നാൽ ഓരാടംപാലം–വലമ്പൂർ–പട്ടിക്കാട് റോഡിൽ ഇന്നലെ പലപ്പോഴും രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. റോഡിൽ പലയിടത്തെയും വീതിക്കുറവും പട്ടിക്കാട് ഭാഗത്ത്, തിരക്കേറിയ സംസ്ഥാന പാതയിലേക്കു വാഹനങ്ങൾ ഒന്നിച്ചെത്തുമ്പോഴുള്ള തിരക്കുമാണു പ്രതിസന്ധിയാകുന്നത്. മേൽപാലം പരിസരത്തുനിന്നു പെരിന്തൽമണ്ണ ഭാഗത്തും ഇന്നലെ ബസുകൾ സർവീസ് നടത്തിയതു യാത്രക്കാർക്ക് ആശ്വാസമായി. ഈ ഭാഗത്ത് ഓട്ടോറിക്ഷകളുടെ പാരലൽ സർവീസിനെതിരെ സ്വകാര്യ ബസുകാർ അധികൃതരെ പരാതി അറിയിച്ചു.

കോഴിക്കോട്–പാലക്കാട് റൂട്ടിലോടുന്ന സ്വകാര്യ ബസുകൾ ഓരാടംപാലം–വലമ്പൂർ–പട്ടിക്കാട് വഴിയാണു സർവീസ് നടത്തിയത്. കോഴിക്കോട്–പാലക്കാട് റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ പെരിന്തൽമണ്ണ-പട്ടിക്കാട്-ഒറവമ്പ്രം-ആനക്കയം-മലപ്പുറം വഴിയാണു സർവീസ് നടത്തുന്നത്.

കോഴിക്കോട്ടുനിന്നു പാലക്കാട് ഭാഗത്തേക്കുള്ള ചരക്കുവാഹനങ്ങൾ വളളുവമ്പ്രം-മഞ്ചേരി-പാണ്ടിക്കാട് വഴി തിരിച്ചു വിട്ടിട്ടുണ്ടെങ്കിലും പല ചരക്കുവാഹനങ്ങളും ഓരാടംപാലം–വലമ്പൂർ–പട്ടിക്കാട് റോഡിലൂടെ എത്തുന്നതു കുരുക്കിന് ഇടയാക്കുന്നുണ്ട്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *