ഓരാടംപാലം- മാനത്ത് മംഗലം ബൈപാസ്; ഇനി സമരം തലസ്ഥാനത്തെന്ന് എംഎൽഎ

Share to


Perinthalmanna Radio
Date: 07-07-2025

പെരിന്തൽമണ്ണ : ഓരാടംപാലം- മാനത്തുമംഗലം ബൈപാസിനോട് സർക്കാർ തുടരുന്ന അവഗണനയ്ക്കെതിരെ ഓഗസ്‌റ്റ് ആദ്യവാരത്തിൽ തലസ്ഥാനത്ത് ജനകീയ സമരം നടത്തുമെന്നും നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്നും മഞ്ഞളാംകുഴി അലി എംഎൽഎ അറിയിച്ചു. ബൈപാസിനു വേണ്ടി മുട്ടാത്ത വാതിലുകളും ചെയ്യാത്ത കാര്യങ്ങളുമില്ല. നിയമസഭയിൽ 8 തവണ ചോദ്യം ഉന്നയിച്ചു. ഒരു തവണ സബ്‌മിഷൻ ഉന്നയിച്ചു. നടപടി സ്വീകരിക്കുമെന്ന് പറയുകയല്ലാതെ കാര്യമായി ഒന്നും ചെയ്‌തില്ലെന്ന് എംഎൽഎ കുറ്റപ്പെടുത്തി.

ബൈപാസ് പദ്ധതിക്ക് കാലതാമസം വരും എന്നതിനാൽ അന്ന് റെയിൽവേ അധികൃതരുടെ നിർദേശപ്രകാരമാണ് ആദ്യം മിനി മേൽപാലം എന്ന തീരുമാനം എ‌ടുത്തത്.

ഇതിന്റെ തുടർച്ചയായി ബൈപാസ് നിർമിക്കാനായിരുന്നു തീരുമാനം. എന്നാൽ പിന്നീട് 9 വർഷം ഭരിച്ച എൽഡിഎഫ് സർക്കാർ ബൈപാസിന്റെ കാര്യത്തിൽ ചെറുവിരൽ അനക്കിയില്ല. പി.ശ്രീരാമകൃഷ്‌ണൻ മലപ്പുറത്ത് യോഗം വിളിച്ചെങ്കിലും ഒന്നും നടന്നില്ല. നിവേദക സംഘം അന്ന് വകുപ്പു മന്ത്രിയെ കണ്ടിട്ടും ഫലമുണ്ടായില്ല. മേൽപാലം പരിസരത്തെ കുഴി അടയ്‌ക്കലും ഗതാഗത പരിഷ്‌കരണവും വൈലോങ്ങര–ഓരാടംപാലം ബൈപാസുമെല്ലാം ഗതാഗതക്കുരുക്കിന് ആശ്വാസം പകരുമെന്ന നില വന്നപ്പോൾ വ്യക്തിപരമായി വരെ അധിക്ഷേപിക്കുകയാണ്.

മേൽപാലം വീതി കുറവാണെന്നാണ് പ്രചരിപ്പിക്കുന്നത്. എന്നാൽ സർക്കാർ അനുവദനീയമായ വീതിയിലാണ് പാലം പണിതത്. കൂടുതൽ വീതിക്ക് ഒന്നിലേറെ പാലം പണിയേണ്ടി വരും. എംഎൽഎ ഫണ്ടിൽനിന്ന് 55 ലക്ഷം രൂപയും അങ്ങാടിപ്പുറം പഞ്ചായത്ത് ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപയും വകയിരുത്തി അങ്ങാടിപ്പുറം ഓരാടംപാലത്തു നിന്ന് കോട്ടയ്ക്കൽ–വളാഞ്ചേരി റോഡിലേക്കുള്ള റോഡ് നവീകരിക്കുന്ന പണി തുടങ്ങിയിട്ടുണ്ട്. വൈലോങ്ങര–ഓരാടംപാലം ബൈപാസിന്റെ സ്ഥലമെടുപ്പ് നടപടികളിലേക്ക് കടക്കുകയാണ്. കൂടാതെ ഏഴുകണ്ണി പാലത്തിന് സമീപത്തായി നിർമിക്കാനുദ്ദേശിക്കുന്ന അണ്ടർപാസിന് എംഎൽഎ ഫണ്ടിൽ നിന്ന് ഒരു കോടി രൂപയും അങ്ങാടിപ്പുറം പഞ്ചായത്ത് 50 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ബാക്കി തുക എംപി ഫണ്ടിൽനിന്ന് കണ്ടെത്താൻ ശ്രമം നടക്കുകയാണ്. ഇത് പൂർത്തിയായാൽ കുരുക്കിന് ആശ്വാസം ലഭിക്കും. ഇതെല്ലാം പൂർത്തിയാകുന്നതോ‌ടെ അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്കിന് ഒരളവോളം പരിഹാരമാകും. അതേസമയം ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുള്ള എല്ലാ നടപടികളും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
……………………………………..
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *