
Perinthalmanna Radio
Date: 08-07-2025
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിയിൽ എത്തിയ നജീബ് കാന്തപുരം എംഎൽഎ സൗകര്യങ്ങൾ വിലയിരുത്തി. സൂപ്രണ്ട്, ആശുപത്രി ജീവനക്കാർ, എച്ച്എംസി അംഗങ്ങൾ, രോഗികൾ എന്നിവരുമായി ആശയവിനിമയം നടത്തി. പഴയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗം നേരത്തെ സർജിക്കൽ വാർഡായി ഉപയോഗിച്ചിരുന്ന കെട്ടിടത്തിലേക്ക് മാറ്റാൻ എംഎൽഎയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. അപകടകരമായ രീതിയിൽ ആശുപത്രി കെട്ടിടങ്ങളിലേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ ഉടൻ മുറിച്ചു മാറ്റും. ആശുപത്രിയിൽ ജലലഭ്യത ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കാൻ ജല അതോറിറ്റിക്ക് നിർദേശം നൽകി.
നിർമാണം പൂർത്തിയായ പുതിയ ഒപി ബ്ലോക്ക് ഉടൻ പ്രവർത്തനമാരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. 11ന് നടക്കുന്ന എച്ച്എംസി യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. ഫാർമസി, ഒപി എന്നിവിടങ്ങളിൽ രോഗികൾക്ക് കൂടുതൽ ഇരിപ്പിട സൗകര്യം ഒരുക്കും. ഫാർമസിയിലെ തിരക്ക് ഒഴിവാക്കുന്നതിനും രോഗികൾക്ക് വേഗത്തിൽ മരുന്ന് വിതരണം ചെയ്യുന്നതിനുമായി പെരിന്തൽമണ്ണയിലെ ഫാർമസി കോളജുകളിലെ വിദ്യാർഥികളുടെ സേവനം ഉറപ്പാക്കും.
ഇതിനായി കോളജ് അധികൃതരുടെ യോഗം വിളിച്ചു ചേർക്കും. കാലപ്പഴക്കം കാരണം പൊളിച്ചു നീക്കാൻ തീരുമാനിച്ച കെട്ടിടം പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കും.
യോഗത്തിൽ സുപ്രണ്ട് ഡോ. ഷീനാലാൽ, എച്ച്എംസി അംഗം കുറ്റീരി മാനുപ്പ, ആർഎംഒ ഡോ.ദീപക് കെ. വ്യാസ്, ഡോ.എ.കെ.റൗഫ്, നഴ്സിങ് സൂപ്രണ്ട് സുജാത, ഷീബ ബഷീർ എന്നിവരും പങ്കെടുത്തു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
