
Perinthalmanna Radio
Date: 18-07-2025
പെരിന്തൽമണ്ണ : പുലാമന്തോൾ ചീരട്ടാമലയിലും അങ്ങാടിപ്പുറം വലമ്പൂരും സ്റ്റോപ്പ് മെമ്മോ നൽകിയ ശേഷവും അനധികൃതമായി പ്രവർത്തിക്കുന്ന ചെങ്കൽ ക്വാറികൾ വ്യാപകമാണെന്ന പരാതി ഉയരുന്നതിനിടെ രണ്ടിടത്തുനിന്നുമായി ഒരാഴ്ചയ്ക്കിടെ ഒൻപത് ലോറികളും രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും പിടികൂടി.വലമ്പൂർ വില്ലേജിലെ മണ്ണാറമ്പിൽ പ്രവർത്തിക്കുകയായിരുന്ന അനധികൃത ക്വാറിയിൽനിന്ന് അഞ്ച് ടിപ്പർ ലോറികളും രണ്ട് മണ്ണുമാന്തിയന്ത്രങ്ങളും റവന്യൂ സ്ക്വാഡ് വ്യാഴാഴ്ച പിടികൂടി.
പരിശോധനയിൽ ഡെപ്യൂട്ടി തഹസിൽദാർ എം.കെ. സുനിൽകുമാർ, ക്ലാർക്കുമാരായ എം. ശശികുമാർ, അനിൽകുമാർ, ഡ്രൈവർ അമൃത് രാജ് എന്നിവർ പങ്കെടുത്തു. വരും ദിനങ്ങളിലും കർശന പരിശോധന നടത്തുമെന്ന് തഹസിൽദാർ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് പുലാമന്തോൾ ചീരട്ടാമലയിൽ പ്രവർത്തിക്കുന്ന അനധികൃത ചെങ്കൽക്വാറിയിൽനിന്ന് നാല് ലോറികൾ പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്.
സമുദ്രനിരപ്പിൽ നിന്ന് 400 അടി ഉയരത്തിലുള്ള ക്വാറി പ്രവർത്തിക്കുന്ന ഈ സ്ഥലം നിലവിൽ ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന സ്ഥലമാണ്. 2022-ൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗങ്ങളിൽ സ്റ്റോപ്പ് മെമ്മോ നൽകിയശേഷവും ചെങ്കൽക്വാറികൾ അധികൃതമായി പ്രവർത്തിക്കുന്നതായി നാട്ടുകാർ പറയുന്നു. ചെങ്കൽ ക്വാറിയിൽ നിന്നുള്ള ലോറികൾ സ്ഥിരമായി ഓടുന്നതിനാൽ ചെമ്മണ്ണിന്റെ നിറമാകുന്ന റോഡുകൾ തന്നെയാണ് ഇതിനു തെളിവ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
