
Perinthalmanna Radio
Date: 24-07-2025
——————————————-
പട്ടിക്കാട് ∙ ഷൊർണൂർ–നിലമ്പൂർ റെയിൽവേ പാതയിൽ ട്രെയിൻ കയറാൻ പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിൽ എത്തുന്ന യാത്രക്കാർക്ക് മഴ പെയ്താൽ ദുരിതം. പ്ലാറ്റ്ഫോമിൽ മേൽക്കൂര ഇല്ലാത്തതാണ് കാരണം. പ്ലാറ്റ്ഫോമിന്റെ നീളം കൂട്ടിയതിനാൽ ട്രെയിനുകൾ സ്‌റ്റേഷൻ വെയ്‌റ്റിങ് ഹാൾ കഴിഞ്ഞ് 50 മീറ്റർ മുന്നോട്ട് പോയാണ് നിൽക്കുക. ഈ സമയത്ത് ട്രെയിനിൽ നിന്ന് ഇറങ്ങുന്നവർക്ക് സുരക്ഷിതമായി നിൽക്കാൻ വെയ്റ്റിങ് ഷെൽറ്ററോ മേൽക്കൂരയോ ഇല്ല.
പ്ലാറ്റ്ഫോമിൽ ആകെയുള്ളത് 5 മീറ്റർ നീളമുള്ള 3 ഷെൽറ്റർ മാത്രമാണ്. ട്രെയിനിന്റെ മുൻഭാഗത്തുള്ളവർക്ക് 300 മീറ്റർ ട്രെയിൻ ഇറങ്ങി വരണം. പുറത്ത് പോകാൻ വെയ്റ്റിങ് ഹാളിലെ സൗകര്യക്കുറവും പ്ലാറ്റ്ഫോമിന് മേൽക്കൂര ഇല്ലാത്തതും ആണ് കാരണം. നിത്യവും സ്‌റ്റേഷനിലെത്തുന്ന ട്രെയിൻ യാത്രക്കാർ കുറച്ചൊന്നുമല്ല കഷ്‌ടപ്പെടുന്നത്.
പ്ലാറ്റ്ഫോമിന് മേൽക്കൂര നിർമിക്കണമെന്ന് പട്ടിക്കാട് റെയിൽവേ സ്‌റ്റേഷൻ കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു.
സതേൺ റെയിൽവേയിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും കൂട്ടായ്മയായ ട്രെയിൻ ടൈം ചീഫ് കോ–ഓർഡിനേറ്റർ സലീം ചുങ്കത്തിന്റെ നേതൃത്വത്തിൽ ഇതേ ആവശ്യം ഉന്നയിച്ച് അധികൃതർക്ക് നിവേദനം നൽകി. പട്ടിക്കാട് ജാമിഅ: നൂരിയ്യ കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ്, എംഇഎ എൻജിനീയറിങ് കോളജ്, പൂപ്പലം എംഎസ്ടിഎം കോളജ്, പൂപ്പലം അൽജാമിഅ കോളജ് ഉൾപ്പെടെ വിവിധ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർഥികളും ജീവനക്കാരും ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാർ നിത്യവും ട്രെയിൻ യാത്രയ്ക്കെത്തുന്നത് പട്ടിക്കാട് റെയിൽവേ സ്‌റ്റേഷനിലാണ്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
