സമസ്തയുടെ എതിർപ്പ് തള്ളി സർക്കാർ; സ്കൂൾ സമയമാറ്റം ഈ വർഷം തുടരും

Share to


Perinthalmanna Radio
Date: 25-07-2025

തിരുവനന്തപുരം∙ സ്കൂൾ സമയമാറ്റത്തിൽ സമസ്തയുടെ എതിർപ്പ് തള്ളി സർക്കാർ. ഈ വർഷം പുതുക്കിയ സമയക്രമം തുടരും. സംസ്ഥാനത്ത് നടപ്പാക്കിയ സ്‌കൂള്‍ സമയമാറ്റം ഈ അധ്യയനവര്‍ഷം തുടരുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വിവിധ മതസംഘടനകളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇപ്പോള്‍ എടുത്ത തീരുമാനവുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും ഇതു സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനത്തെ ഭൂരിഭാഗം സംഘടനകളും സ്വാഗതം ചെയ്തുവെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.

ചിലര്‍ അഭിപ്രായവ്യത്യാസം അറിയിച്ചു. അവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. രാവിലെ 10ന് തുടങ്ങുന്ന ക്ലാസുകള്‍ 9.45ന് ആരംഭിക്കുന്നുവെന്ന് മാത്രമേ ഉള്ളൂ. സമസ്തയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും പരാതി അടുത്ത വര്‍ഷം പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സമസ്തയ്ക്ക് ഇതു സംബന്ധിച്ച് ഒരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും മന്ത്രി അറിയിച്ചു.

സിഎംഎസ്, കെപി‌എസ്എംഎ, എയിഡഡ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍, മദ്രസാ ബോര്‍ഡ്, മുസ്ലീം എഡ്യൂക്കേഷന്‍ സൊസൈറ്റി, എല്‍എംഎസ്, എസ്എന്‍ ട്രസ്റ്റ് സ്‌കൂള്‍സ്, എസ്എന്‍ഡിപി യോഗം സ്‌കൂള്‍സ്, കേരള എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്സ് അസോസിയേഷന്‍, സമസ്ത ഇകെ വിഭാഗം, എപി വിഭാഗം, എന്‍എസ്എസ് എന്നീ സംഘടനകളുമായാണ് മന്ത്രി ചര്‍ച്ച നടത്തിയത്.

ഹൈസ്‌കൂള്‍ വിഭാഗത്തിന് 1100 ബോധന മണിക്കൂര്‍ തികയ്ക്കുന്നതിന് വെള്ളിയാഴ്ച ഒഴികെയുള്ള 166 പ്രവൃത്തിദിനങ്ങളില്‍ എല്ലാ ദിവസവും രാവിലെ 15 മിനിട്ടും ഉച്ചകഴിഞ്ഞ് 15 മിനിട്ടും അധിക പ്രവൃത്തിസമയം ഉള്‍പ്പെടുത്തിയാണ് പീരീഡ് ക്രമീകരിച്ചിട്ടുള്ളത്. 220 പ്രവൃത്തി ദിനങ്ങള്‍ അല്ലെങ്കില്‍ 1100 മണിക്കൂര്‍ ബോധന സമയം എന്ന് ആക്കിയത് നിലവിലെ കെഇആര്‍ ചട്ടത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ്. ഗുജറാത്തില്‍ 243 പ്രവൃത്തി ദിനങ്ങളും ഉത്തര്‍  പ്രദേശ്- 231,  കര്‍ണാടക – 244,  ആന്ധ്രാ  പ്രദേശ് -233,  ഡല്‍ഹി-220 പ്രവൃത്തി ദിനങ്ങളാണുള്ളതെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി നിര്‍ദേശപ്രകാരം പഠനസമയം അരമണിക്കൂര്‍ വര്‍ധിപ്പിച്ചതാണു സംഘനകളുടെ എതിര്‍പ്പിനിടയാക്കിയത്. രാവിലെ 9.45 മുതല്‍ വൈകിട്ട് 4.15 വരെ ക്ലാസ് നടത്താനുള്ള തീരുമാനം മതപഠനത്തിനു തടസ്സമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *