
Perinthalmanna Radio
Date: 26-07-2025
പെരിന്തൽമണ്ണ : കൺവെൻഷൻ സെന്റർ മാതൃകയിൽ പണികഴിപ്പിച്ച രണ്ടു നിലകളുള്ള പുതിയ പെരിന്തൽമണ്ണ നഗരസഭാ ടൗൺഹാൾ ഞായറാഴ്ച വൈകീട്ട് മൂന്നിന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. 2020-ൽ പ്രഖ്യാപിച്ച 25 പദ്ധതികളിൽ ഉൾപ്പെട്ട ടൗൺഹാൾ രണ്ടു ഘട്ടങ്ങളിലായി 12 കോടിയോളം രൂപ ചെലവഴിച്ചാണ് പണി പൂർത്തീകരിച്ചത്. അന്തരിച്ച മുൻ നഗരസഭാ ചെയർ പേഴ്സൺ കെ.ടി. നാരായണന്റെ സ്മരണയ്ക്കായി ‘സ. കെ.ടി. നാരായണൻ മാസ്റ്റർ സ്മാരക ടൗൺഹാൾ’ എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്.
നഗരത്തിൽ നെഹ്റു സ്റ്റേഡിയത്തിനു സമീപം നിർമിച്ച ടൗൺഹാളിന് വിവാഹാവശ്യത്തിന് എസിയടക്കം 55,000 രൂപയും എസിയില്ലാതെ 40,000 രൂപയുമാണ് വാടക. ആറുമണിക്കൂർ വരെയുള്ള പരിപാടികൾക്ക് 20,000 രൂപ (എസി), 15,000 രൂപ (നോൺ എസി) എന്നിങ്ങനെയാണ് നിരക്ക്. രാഷ്ട്രീയ പാർട്ടികൾ, അംഗീകൃത സംഘടനകൾ, ക്ലബ്ബുകൾ, സ്കൂളുകൾ, കോളേജുകൾ എന്നിവയ്ക്ക് നിരക്കിൽ ഇളവുണ്ട്. പട്ടികജാതി/വർഗ വിഭാഗം, ആശ്രയ കുടുംബം, അംഗപരിമിത വിഭാഗം, അതിദരിദ്ര വിഭാഗം എന്നിവയിൽ ഉൾപ്പെടുന്നവർക്ക് വിവാഹാവശ്യത്തിന് നിരക്കിൽ ഇളവു ലഭിക്കും.
2020-ൽ ചുമതലയേറ്റ ഈ ഭരണസമിതിക്ക് എല്ലാവർക്കും ആശ്രയിക്കാൻ കഴിയുന്ന നിരക്കിലും ആധുനിക സൗകര്യങ്ങളോടുംകൂടി പുതിയ ടൗൺഹാൾ നിർമാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് നഗരസഭാ ചെയർ പേഴ്സൺ പി. ഷാജി പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നജീബ് കാന്തപുരം എംഎൽഎ അധ്യക്ഷനാകും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
