
Perinthalmanna Radio
Date: 01-08-2025
മങ്കട : മേലെ അങ്ങാടിയിൽ സ്ഥിരമായി ഉണ്ടാകുന്ന ഗതാഗതക്കുരുക്കിൽ പൊതുജനം വലയുകയാണ്. വാഹനങ്ങൾ തിങ്ങിനിറഞ്ഞതിനാൽ വീതി കുറഞ്ഞ റോഡിൽ കാൽനടക്കാരും പ്രയാസത്തിലായി. ഓരോ വാഹനവും മുക്കാൽമണിക്കൂറോളം കുരുക്കിൽപ്പെട്ടു. കുറച്ച് ദിവസങ്ങളായി മങ്കടയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
വീതി കുറഞ്ഞ നാൽക്കവലയിൽ ഇടുങ്ങിയ കൂട്ടിൽ റോഡിലേക്കും മലപ്പുറം റോഡിലേക്കും വാഹനങ്ങൾ പ്രവേശിക്കുന്നതും വരുന്നതുമാണ് പ്രയാസമുണ്ടാക്കുന്നത്. ഇതിനാൽ വാഹനങ്ങൾ പോകാനാകാതെ പ്രധാന റോഡും കുരുക്കിൽപ്പെടുന്നു. ആംബുലൻസുകൾ ദീർഘനേരം വഴിയിൽ കുടുങ്ങുന്നത് ആശങ്കയുണ്ടാക്കുന്നു. അങ്ങാടിപ്പുറത്തെ കുരുക്കിൽപ്പെട്ട് വൈകിയെത്തുന്ന സ്വകാര്യബസുകൾ മങ്കടയിലും കൂടി പെടുന്നതിനാൽ ഇത് മത്സരഓട്ടത്തിനും ഇടയാക്കുന്നുണ്ട്. ഗതാഗതക്കുരുക്ക് വ്യാപാരികളുടെ കച്ചവടത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. എന്നാൽ ഇത് പരിഹരിക്കാനുള്ള ശ്രമങ്ങളൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
നഗര സൗന്ദര്യ വത്കരണത്തിനായി അരക്കോടിയോളം ചെലവഴിച്ചെങ്കിലും കുരുക്കിന് പരിഹാരമുണ്ടാക്കാൻ യാതൊരു നടപടിയും ചെയ്തിട്ടില്ല. മങ്കടയിലെ ഗതാഗതക്കുരുക്കിന് ബൈപ്പാസ് മാത്രമാണ് പരിഹാരം. ഇതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. അസ്ഗറലി പറഞ്ഞു. മങ്കടയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ റിങ് റോഡുകളാണ് അനുയോജ്യം. ഇതിനായി സർക്കാരിൽ സമ്മർദം ചെലുത്തുമെന്ന് സിപിഎം ഏരിയാ സെക്രട്ടറി മോഹനൻ പുളിക്കൽ പറഞ്ഞു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
