
Perinthalmanna Radio
Date: 06-08-2025
മേലാറ്റൂർ : മിനി സ്റ്റേഡിയത്തിനു സമീപത്തെ താത്കാലിക എംഎസിഎഫിൽ തീപ്പിടിത്തമുണ്ടായതിനെത്തുടർന്ന് കത്തി നശിച്ച മാലിന്യം പൂർണമായും നീക്കം ചെയ്തു. മാർച്ച് 10-ന് ഉച്ചയോടെയാണ് എംസിഎഫിൽ തീപ്പിടിത്തമുണ്ടായി ടൺകണക്കിന് അജൈവമാലിന്യം കത്തിനശിച്ചത്.
ഗ്രീൻ വേംമ്സ് കമ്പനിയാണ് കത്തിക്കരിഞ്ഞ മാലിന്യം നീക്കം ചെയ്യാൻ കരാർ എടുത്തിരുന്നത്. ആദ്യ ഘട്ടത്തിൽ കുറച്ച് മാലിന്യം നീക്കം ചെയ്തെങ്കിലും പിന്നീട് മാലിന്യം കൊണ്ടു പോകൽ പൂർണമായും നിലച്ചു.
മാസങ്ങൾ കഴിഞ്ഞിട്ടും മാലിന്യം പൂർണമായും നീക്കം ചെയ്യാത്തത് വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. പ്രതികൂല കാലാവസ്ഥയാണ് മാലിന്യനീക്കം പ്രതിസന്ധിയിലാക്കിയതെന്നായിരുന്നു പഞ്ചായത്തിന്റെ വാദം.
എന്നാൽ മഴ കനത്തതോടെ തുറസ്സായ സ്ഥലത്ത് നീക്കംചെയ്യാതെ കിടന്നിരുന്ന മാലിന്യം നാട്ടുകാർക്ക് വലിയ വെല്ലുവിളിയായി. ഇതേത്തുടർന്നാണ് അടിയന്തര ഇടപെടൽ നടത്തി കഴിഞ്ഞ ദിവസങ്ങളിലായി മാലിന്യം പൂർണമായും നീക്കിയത്.
താത്കാലിക എംസിഎഫിൽ അവശേഷിക്കുന്ന അജൈവ മാലിന്യം മുഴുവനായും ബസ് സ്റ്റാൻഡിനു സമീപം നിർമിച്ച സ്ഥിരം എംസിഎഫിലേക്ക് മാറ്റാനുള്ള ജോലിയും നടക്കുന്നുണ്ട്. താത്കാലിക എംസിഎഫിലെ കത്തിക്കരിഞ്ഞ മാലിന്യം നീക്കം ചെയ്യാത്തതിനെ കുറിച്ച് പെരിന്തൽമണ്ണ റേഡിയോ ഉൾപ്പെടെ വാർത്ത നൽകിയിരുന്നു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
