
Perinthalmanna Radio
Date: 08-08-2025
പെരിന്തൽമണ്ണ: മണ്ണാർമല മാട് റോഡിൽ പുലിയുടെ സാന്നിധ്യം വീണ്ടും സ്ഥിരീകരിച്ചു. ഇന്ന് പുലർച്ചെ 4:06-ന് നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പുലിയുടെ പതിഞ്ഞ ദൃശ്യം പതിഞ്ഞത്.
ദൃശ്യത്തിൽ കുട്ടിയായ പെൺപുലിയെന്ന് സംശയം തോന്നിക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇതോടെ, മണ്ണാർമലയിൽ ഒന്നിലധികം പുലികൾ ഉണ്ടെന്നാണു നാട്ടുകാരുടെയും യാത്രക്കാരുടെയും നിരീക്ഷണം. ഇന്നലെയും അതിന് മുൻപും ഇതേ പ്രാദേശത്ത് ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ പലതവണ പുലിയെ കണ്ടതായി നാട്ടുകാർ അറിയിച്ചു. അടുത്തിടെ, ബൈക്കിനു മുന്നിലൂടെ പുലി ഓടിയതിനാൽ നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് യാത്രക്കാരന് പരുക്കേറ്റ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുവാൻ ആവശ്യപ്പെട്ട് പഞ്ചായത്ത് അംഗം ഹൈദർ തോരപ്പ, പൗരസമിതി ചെയർമാൻ ബഷീർ കക്കൂത്ത്, കെ.ടി. ഉമ്മർ, നിഷാദ് കോഴിശ്ശേരി, ടി.കെ. സക്കീർ, സി.പി. കുഞ്ഞിമമ്മു എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ കൂട്ടിലങ്ങാടിയിൽ മന്ത്രി എ.കെ. ശശീന്ദ്രന് നിവേദനം നൽകി. നിവേദനം സ്വീകരിച്ച മന്ത്രി, നിലമ്പൂർ സൗത്ത് ഡിഎഫ്ഒയ്ക്ക് അടിയന്തര നടപടി സ്വീകരിക്കാൻ നിർദേശം നൽകി. തുടർന്ന്, ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ചർ എസ്. നുജും, സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ എസ്. മനോജ്, ആർ.ആർ.ടി. സംഘം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് കൂട് സ്ഥാപിച്ചു.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
