
Perinthalmanna Radio
Date: 10-08-2025
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്ന യാത്രക്കാർ ഏറെയും കടന്നു പോകുന്ന എഫ്സിഐ റോഡ് എന്നറിയപ്പെടുന്ന ഗുഡ്സ് ഷെഡ് റോഡിന് ഇന്നും ശാപമോക്ഷമായില്ല.
കാലങ്ങളോളമായി കുണ്ടും കുഴിയുമായി കിടക്കുന്ന ഈ റോഡ് ആധുനിക രീതിയില്‍ നവീകരിക്കും എന്ന് റെയില്‍വേ പറയുന്നുണ്ട്.
അതിനു മുന്നോടിയായി റോഡിന്‍റെ ഒരു ഭാഗത്തുണ്ടായിരുന്ന വലിയ മരങ്ങള്‍ എല്ലാം മുറിച്ച് മാറ്റുകയും ചെയ്തിരുന്നു. ഇത് ഒഴിച്ചാല്‍ മറ്റു പ്രവൃത്തികള്‍ ഒന്നും ഇതുവരെ നടത്തിയതായി കാണുന്നില്ല. വളരെ പ്രയാസപ്പെട്ടാണ് ഇതിലൂടെ ട്രെയിൻ ഇറങ്ങി വരുന്ന യാത്രക്കാർ ദേശീയപാതയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. റോഡിന്‍റെ ഇരുഭാഗങ്ങളിലും എഫ്സിഐയിലേക്ക് വരുന്ന ലോറികള്‍ വരിവരിയായി നിർത്തിയിടുന്നുണ്ട്. ഇതിനിടയിലൂടെയാണ് യാത്രക്കാർ സഞ്ചരിക്കുന്നത്.
രാത്രികാല ട്രെയിനിലെ യാത്രക്കാർ ഇരുട്ടില്‍ തപ്പിയാണ് റോഡില്‍ എത്തുന്നത്. ഇതിനൊരു പരിഹാരം അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തരമായി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
