
Perinthalmanna Radio
Date: 13-08-2025
പെരിന്തൽമണ്ണ: ജില്ലാ ആശുപത്രിക്ക് പ്രത്യേക പരിഗണന നൽകുമെന്ന് മന്ത്രി വീണാ ജോർജ്. ആശുപത്രിയിൽ സജ്ജമാക്കിയ ഒപി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജില്ലാ ആശുപത്രിയിൽ ഫൊറൻസിക് സർജൻ തസ്തിക അനുവദിക്കുന്നതിന് മുൻഗണന നൽകും. സംസ്ഥാനത്ത് നിലവിൽ 18 ഫൊറൻസിക് സർജൻ തസ്തികകൾ മാത്രമാണുള്ളത്. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്ന കാര്യം പരിഗണിച്ചുവരികയാണ്. ആശുപത്രിയിലെ പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു.
ഒട്ടേറെ തവണ സ്‌റ്റാഫ് പാറ്റേൺ വർധിപ്പിക്കുന്നതിന് നിയമസഭയിൽ ഉന്നയിച്ചതാണെന്നും പലപ്പോഴും തട്ടിതടയുന്നത് സാങ്കേതികത്വമാണെന്നും ആധ്യക്ഷ്യം വഹിച്ച നജീബ് കാന്തപുരം എംഎൽഎ പറഞ്ഞു.
ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. കെ.ജെ റീന, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, സ്ഥിരസമിതി അധ്യക്ഷ നസീബ അസീസ് മയ്യേരി, നഗരസഭാ ചെയർമാൻ പി.ഷാജി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.മുസ്തഫ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി.ഷഹർബാൻ, റഹ്‌മത്തുന്നീസ, നഗരസഭാ കൗൺസിലർമാരായ ഹുസൈന നാസർ, തസ്‌നീമ, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ആർ.രേണുക, ആരോഗ്യകേരളം പ്രോഗ്രാം മാനേജർ ഡോ.ടി.എൻ.അനൂപ്, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.എൽ.ഷീന ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.
എൻഎച്ച്എം മുഖേന 1.26 കോടി രൂപ വകയിരുത്തി നിർമിച്ചതാണ് പുതിയ ഒപി കെട്ടിടം. താഴത്തെ നിലയിൽ ജനറൽ മെഡിസിൻ ഒപി, ചെസ്റ്റ് ഒപി, ഡെർമറ്റോളജി ഒപി, ഓർത്തോ ഒപി എന്നിവയും ജനറൽ സർജറി ഒപി, ഇഎൻടി ഒപി, ഓങ്കോളജി ഒപി തുടങ്ങിയവ ഒന്നാം നിലയിലുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും ഓൺലൈനായി മന്ത്രി നിർവഹിച്ചു. നാഷനൽ ഹെൽത്ത് മിഷൻ 1.43 കോടി രൂപയും ആലിപ്പറമ്പ് പഞ്ചായത്തിന്റെ 13 ലക്ഷം രൂപയും ഉപയോഗിച്ചാണ് പുതിയ കെട്ടിടം നിർമിക്കുന്നത്.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
