
Perinthalmanna Radio
Date: 13-08-2025
പെരിന്തൽമണ്ണ: പൊലീസും എക്‌സൈസും നടത്തിയ പരിശോധനകളിൽ 4 കിലോഗ്രാം കഞ്ചാവുമായി 2 പേരെ അറസ്‌റ്റ് ചെയ്‌തു. വിൽപനയ്ക്കെത്തിച്ച രണ്ടു കിലോഗ്രാം കഞ്ചാവുമായി അസം നാഗാഓൺ സ്വദേശി ഇസ്മായിൽ അലി (31) ആണ് പൊലീസിന്റെ പിടിയിലായത്. അസം, ഒഡീഷ സംസ്ഥാനങ്ങളിൽനിന്ന് ട്രെയിൻ മാർഗം ജില്ലയിലേക്ക് കഞ്ചാവ് എത്തിച്ച് പെരിന്തൽമണ്ണ, കുന്നപ്പള്ളി ഭാഗങ്ങളിലെ യുവാക്കൾക്കിടയിൽ വിൽപന നടത്തുന്ന അസം സ്വദേശികളുൾപ്പെടുന്ന സംഘത്തെക്കുറിച്ച് പൊലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഡിവൈഎസ്പി എ.പ്രേംജിത്ത്, സി.ഐ.സുമേഷ് സുധാകരൻ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ ഷിജോ .സി.തങ്കച്ചനും ഡാൻസാഫ് സംഘവും നടത്തിയ പരിശോധനയിലാണ് കുന്നപ്പള്ളി വായനശാല ടൗണിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് ഇസ്മായിൽ അലിയെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.
എക്സൈസ് അധികൃതർ പെരിന്തൽമണ്ണ വലിയങ്ങാടി ഭാഗത്തു നടത്തിയ പരിശോധനയിലാണ് ബിഹാർ വെസ്റ്റ് ചമ്പാരൻ ജില്ലയിൽ ചൻപട്ടിയ ഷെയ്ഖ് ദഫ്ദാർ (23) 2 കിലോഗ്രാം കഞ്ചാവുമായി പിടിയിലായത്. എക്സൈസ് ഇൻസ്‌പെക്ടർ എം.യൂനസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. അസി. എക്സൈസ് ഇൻസ്പെക്ടർ ഡി.ഷിബു, പ്രിവന്റീവ് ഓഫിസർമാരായ ഒ.അബ്ദുൽ റഫീഖ്, കെ.സായിറാം, വി.കെ.ഷരീഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.കെ.രാജേഷ്, കെ.അബിൻ രാജ്, ശ്രീ ആനന്ദ്, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ലിൻസി വർഗീസ്, പ്രസീദ മോൾ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്. ലഹരിയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ജനങ്ങൾക്കും കൈമാറാമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. നമ്പർ: 04933–227539, 9400069656, 9400069645.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
