ഷൊർണൂർ- നിലമ്പൂർ രാത്രികാല മെമു ഓണത്തിന് മുൻപ് സർവീസ് ആരംഭിച്ചേക്കും

Share to


Perinthalmanna Radio
Date: 15-08-2025

പെരിന്തൽമണ്ണ ∙ ഷൊർണൂർ– നിലമ്പൂർ റെയിൽവേ പാതയിലെ പുതിയ രാത്രികാല മെമു സർവീസ് ഓണത്തിനു മുൻപ് ആരംഭിക്കുമെന്നു സൂചന. റെയിൽവേയുടെ ഓണസമ്മാനമായി ആഘോഷപൂർവം സർവീസ് ഉദ്ഘാടനം ചെയ്യാനാണ് ആലോചന. എറണാകുളം– ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലേക്കു നീട്ടുന്നതു വഴി എറണാകുളം, തൃശൂർ മേഖലയിൽനിന്ന് രാത്രി നിലമ്പൂർ ഭാഗത്തേക്കുള്ള യാത്രക്കാർക്ക് ഇനി എക്‌സിക്യൂട്ടീവ് ട്രെയിനിനെ ആശ്രയിക്കാതെ മെമുവിൽ കയറി നാടണയാനാകും.

അതേസമയം, മെമു സർവീസിന്റെ സമയക്രമം പുതുക്കണമെന്ന ആവശ്യവും ശക്തമാണ്. നിലവിലെ സമയം വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾക്കു പ്രയാസമാകും. ഷൊർണൂരിൽ നിന്നുള്ള പുറപ്പെടൽ സമയം 9.15 ആക്കിയാൽ വന്ദേഭാരതിന് കണക്‌ഷൻ ലഭിക്കും. ആലപ്പുഴ, കണ്ണൂർ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, തിരുവനന്തപുരം മംഗളൂരു വന്ദേഭാരത് എക്സ്പ്രസ് എന്നിവയ്ക്കും കണക്‌ഷൻ ഉറപ്പിക്കാം.

നിലവിൽ ഷൊർണൂരിൽ നിന്ന് 8.15ന് പുറപ്പെടുന്ന ട്രെയിൻ സമയത്തിലും മാറ്റം വരുത്തിയാൽ ഈ ട്രെയിനിനും കൂടുതൽ കണക്‌ഷൻ ലഭിക്കും. മെമുവിന്റെ പുലർച്ചെ നിലമ്പൂരിൽ നിന്നുള്ള പുറപ്പെടൽ സമയം അൽപം പിന്നോട്ട് ആക്കിയാൽ 4.30നുള്ള ഷൊർണൂർ– എറണാകുളം– ആലപ്പുഴ മെമു കണക്‌ഷൻ ലഭിക്കും. അതല്ലെങ്കിൽ എറണാകുളം യാത്രയ്‌ക്ക് 8.45ന്റെ എക്‌സിക്യൂട്ടീവ് വരെ കാക്കേണ്ടി വരും. ഒരു ട്രെയിൻ ക്രോസിങ് സ്‌റ്റേഷനായ അങ്ങാടിപ്പുറത്ത് എത്തിയ ശേഷമേ അടുത്ത ട്രെയിൻ പുറപ്പെടാനാകൂ എന്നതിനാൽ രാത്രി 8.15ന് ഷൊർണൂരിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ അൽപം നേരത്തേയാക്കുമെന്നാണു വിവരം.

അതുപോലെ, എറണാകുളം – ഷൊർണൂർ മെമു സർവീസ് നിലമ്പൂരിലെത്തി പുലർച്ചെ 3.40 വരെ വെറുതേ കിടക്കുന്നതിനാൽ ഈ ട്രെയിൻ അൽപം വൈകി മാത്രം ഷൊർണൂരിൽനിന്ന് പുറപ്പെടാനും സാധിച്ചേക്കുമെന്നാണ് അധികൃതർ നൽകുന്ന സൂചന. അങ്ങനെ വന്നാൽ കണക്‌ഷൻ ട്രെയിനുകൾക്ക് കൂടുതൽ ഗുണകരമാകും.

നിലമ്പൂരിൽ രാത്രി ട്രെയിൻ എത്തുന്ന സമയം പരിഗണിച്ച് റെയിൽവേ സ്‌റ്റേഷനിൽനിന്ന് എടക്കര, വഴിക്കടവ് ഭാഗത്തേക്കു കെഎസ്ആർടിസി ബസ് സർവീസ് വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. പുതിയ സാഹചര്യത്തിൽ നിലവിൽ പാതയിൽ സർവീസ് നടത്തുന്ന രാത്രികാല ട്രെയിനുകളിൽ ചില്ലറ സമയമാറ്റത്തിനു സാധ്യതയുണ്ടെന്നാണ് അറിവ്. രാത്രി ഷൊർണൂരിൽനിന്നു പുറപ്പെടുന്ന മെമുവിനു തൊടിയപ്പുലം, തുവ്വൂർ, വാടാനാംകുർശി സ്‌റ്റേഷനുകളിൽ നിലവിൽ സ്‌റ്റോപ് ഇല്ല. ഇതിൽ തുവ്വൂരിൽ കൂടി സ്‌റ്റോപ് അനുവദിച്ചേക്കുമെന്നാണു വിവരം. പുലർച്ചെ മടക്കത്തിൽ വാണിയമ്പലത്തും അങ്ങാടിപ്പുറത്തും മാത്രമാണു സ്‌റ്റോപ് അനുവദിച്ചിട്ടുള്ളത്. എല്ലായിടത്തും ഒരു മിനിറ്റ് മാത്രമാണ് ട്രെയിൻ നിർത്തുക. 
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *