അലിഗഡ് ക്യാംപസിലെ വിദ്യാർഥി സംഘർഷം; 12 പേർക്കെതിരെ കേസ്, 5 പേർ അറസ്‌റ്റിൽ

Share to


Perinthalmanna Radio
Date: 19-09-2025

പെരിന്തൽമണ്ണ: അലിഗഡ് മുസ്‌ലിം സർവകലാശാലാ മലപ്പുറം ക്യാംപസിൽ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് 2 പരാതികളിലായി 12 പേർക്കെതിരെ പൊലീസ് കേസെടുത്തു. 5 പേരെ അറസ്‌റ്റ് ചെയ്‌തു. കഴിഞ്ഞ 7ന് ആണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്. ഉത്തർപ്രദേശ് സ്വദേശി ജിഷാൻ അക്‌തർ ഖാൻ (22) നൽകിയ പരാതിയിൽ ബിഎ എൽഎൽബി വിദ്യാർഥികളായ അഹമ്മദ് സർയാബ് (22), മുഹമ്മദ് ഡാനിഷ് (23), ഡാനിഷ് അൻവർ (22), മുഹമ്മദ് അദ്‌നാൻ (22), മുഹമ്മദ് ഹംസ (21), വാസി അഹമ്മദ് ഖാൻ (22) എന്നിവർക്കെതിരെയാണു കേസ്. ഓണാഘോഷത്തിനിടെയുണ്ടായ വാക്കുതർക്കത്തിന്റെ വിരോധം വച്ച് കഴി‍ഞ്ഞ ദിവസം പരാതിക്കാരനെയും സുഹൃത്തുക്കളെയും കത്തി, ഹോക്കി സ്‌റ്റിക്ക് എന്നിവ ഉപയോഗിച്ച് ആക്രമിച്ചതായാണു കേസ്. സംഘർഷത്തിൽ പരാതിക്കാരന്റെ തലയ്‌ക്ക് കുത്തേറ്റിരുന്നു.

അഹമ്മദ് സർയാബ് നൽകിയ പരാതിയിൽ ബിഎ എൽഎൽബി ബാച്ച് വിദ്യാർഥികളായ ജാഫ്രൽ ഇസ്‌ലാം (22), ജിഷാൻ അക്‌തർ ഖാൻ (22), മുഹമ്മദ് ഫായിസ് (22), സമീർ (22), അർഷാദ് (22) എന്നിവർക്കെതിരെയും കേസെടുത്തു. കൂളറിന്റെ ഉടമസ്ഥാവകാശത്തെ ചൊല്ലിയുള്ള വാക്കുതർക്കത്തെ തുടർന്ന് വെട്ടുകത്തി, ഇരുമ്പുവടി എന്നിവകൊണ്ട് ആക്രമിച്ചതായാണു പരാതി. സംഭവത്തിൽ അഹമ്മദ് സർയാബിനും ഡാനിഷിനും പരുക്കേറ്റതായും പരാതിയിലുണ്ട്. ജീഷൻ അക്‌തർ ഖാന്റെ പരാതിയിൽ അഹമ്മദ് സർയാബ്, മുഹമ്മദ് ഡാനിഷ് എന്നിവരെയും അഹമ്മദ് സർയാബിന്റെ പരാതിയിൽ ജാഫ്രൽ ഇസ്‌ലാം, ജീഷാൻ അക്‌തർ ഖാൻ, മുഹമ്മദ് ഫായിസ് എന്നിവരെയുമാണ് പൊലീസ് അറസ്‌റ്റ് ചെയ്‌തത്. അറസ്‌റ്റിലായവരുമായി തെളിവെടുപ്പ് നടക്കുന്നതിനിടെ പ്രതികളിലൊരാൾ ഓടിക്കളയാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടി. പ്രതികളെ കോടതി റിമാൻഡ് ചെയ്‌തു.

ക്യാംപസിൽ തന്നെയുള്ള ഹോസ്‌റ്റൽ കോംപ്ലക്‌സിലെ അഞ്ചാം നമ്പർ ബ്ലോക്ക് ഹോസ്‌റ്റലിന്റെ വരാന്തയിലാണ് സംഘർഷമുണ്ടായത്. പെരിന്തൽമണ്ണ സിഐ സുമേഷ് സുധാകരൻ, എസ്ഐ ഉദയൻ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് ഇരുപക്ഷത്തു നിന്നുമായി 15 വിദ്യാർഥികളെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/DTmqFQ9ysq78lvjIoR2yuX?mode=r_c
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *