ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്കിലെ ലക്ഷ്യ വാർഡ് ഉടൻ തുറന്നു പ്രവർത്തിക്കും

Share to


Perinthalmanna Radio
Date: 20-09-2025

പെരിന്തൽമണ്ണ: വർഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ ജില്ലാ ആശുപത്രിയിലെ മാതൃശിശു ബ്ലോക്കിലുള്ള ലക്ഷ്യ വാർഡ് ഉടൻ തുറന്നു പ്രവർത്തിക്കും. ഇതു സംബന്ധിച്ച സാങ്കേതിക തടസ്സങ്ങളെല്ലാം നീക്കിയതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ അറിയിച്ചു. ഗർഭിണികൾക്ക് ഉയർന്ന നിലവാരത്തിലുള്ള പരിചരണം ഉറപ്പാക്കാൻ ആരോഗ്യ വകുപ്പ് ആരംഭിച്ചതാണ് ലക്ഷ്യ വാർഡ‍് (ലേബർ റൂം ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം ഇനീഷ്യേറ്റീവ്). മാതൃശിശു ബ്ലോക്കിന്റെ മൂന്നാം നിലയെ പൂർണമായി ഉപയോഗപ്പെടുത്തിയ ഈ വാർഡ് വർഷങ്ങളായി അടഞ്ഞു കിടക്കുകയായിരുന്നു.

2.44 കോടി രൂപയുടെ എൻഎച്ച്എം ഫണ്ട് ഉപയോഗിച്ചാണ് വാർഡ് ഒരുക്കിയത്. പ്രസവ വാർഡിലും ലേബർ റൂമിലും അമ്മയ്‌ക്കും കുഞ്ഞിനും ലഭിക്കേണ്ട ചികിത്സയും പരിചരണവും സൗകര്യങ്ങളും വർധിപ്പിക്കുകയാണ് ലക്ഷ്യം. പ്രസവത്തിനു മുൻപുള്ള പരിചരണം, പ്രസവ ശേഷമുള്ളവർക്കുള്ള വാർഡ്, സർജിക്കൽ വാർഡ്, തിയറ്റർ കോംപ്ലക്സ്, ശിശുരോഗ വിഭാഗം, ആന്റി നാറ്ററൽ വാർഡ്, പീഡിയാട്രിക് വാർഡ്, പീഡിയാട്രിക് സ്‌പെഷൽ വാർഡ്, പീഡിയാട്രിക് ഐസിയു എന്നിവയെല്ലാം സജ്ജീകരിക്കാനാകും.

2021 സെപ്‌റ്റംബറിലാണ് ലക്ഷ്യ വാർഡിനായി കെട്ടിടത്തിന്റെ മൂന്നാം നില ഒരുക്കിയത്. എന്നാൽ കെട്ടിടത്തിന്റെ ഉയരത്തിന് അനുസൃതമായി അഗ്നിരക്ഷാ സേനയ്‌ക്ക് ആവശ്യമായ സൗകര്യങ്ങൾ സജ്ജമാക്കാത്തതു മൂലം ഫയർ എൻഒസി ലഭിച്ചില്ല. ഇതേ തുടർന്നാണ് ലക്ഷ്യ വാർഡ് പ്രവർത്തിപ്പിക്കാനാവാതെ വന്നത്.

കെട്ടിടത്തിന്റെ നിർമാണ ഘട്ടത്തിൽ ഫയർ എൻഒസിക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കാതിരുന്നതാണ് പ്രതിസന്ധിയായത്. ജില്ലാ പഞ്ചായത്ത് ഒന്നരക്കോടി ആദ്യ ഘട്ടത്തിലും പിന്നീട് പൂർത്തീകരണത്തിനു വേണ്ടി 30 ലക്ഷം രൂപയും ഉൾപ്പെടെ 1.80 കോടി രൂപ ചെലവഴിച്ചു പ്രത്യേക പദ്ധതി തയാറാക്കി അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയാണ് ഫയർ എൻഒസി ലഭ്യമാക്കിയത്. ഒരു വർഷത്തേക്കാണ് എൻഒസി ലഭിച്ചത്. അതിനു ശേഷം പുതുക്കി വാങ്ങണം. ഇതോടൊപ്പം പഴയ ബ്ലോക്കിലെ മുഴുവൻ ഓപ്പറേഷൻ തിയറ്ററുകളും മാതൃശിശു ബ്ലോക്കിലേക്ക് മാറ്റിയിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ പഴയതും പുതിയതുമായ 2 ബ്ലോക്കുകളിലേക്കും ആവശ്യമായ ജനറേറ്ററുകളും സജ്ജമാക്കുന്നുണ്ട്. 47,76000 രൂപ ചെലവിലാണ് ജനറേറ്ററുകൾ സജീകരിക്കുന്നത്. വൈദ്യുതി പോകുന്ന ഘട്ടങ്ങളിലും ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ ഇതുവഴി സാധിക്കും.
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *